ന്യൂഡല്‍ഹി: സൈനികര്‍ പരാതി ഉന്നയിക്കേണ്ടത് സാമൂഹിക മാധ്യമങ്ങളിലല്ല, മേലുദ്യോഗസ്ഥര്‍ക്ക് മുന്നിലാണെന്ന് സൈനികര്‍ക്ക് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍െറ മുന്നറിയിപ്പ്. പട്ടിണി കിടന്ന് അതിര്‍ത്തി കാക്കേണ്ടി വന്ന ബി.എസ്.എഫ് ജവാന്‍െറ വെളിപ്പെടുത്തലിനോട് വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ എല്ലാ സേന കേന്ദ്രങ്ങളിലും പരാതിപ്പെട്ടി വെക്കാന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിപ്പെടുന്ന സൈനികന്‍െറ വിവരം രഹസ്യമായി സൂക്ഷിക്കും.
തന്‍െറ ഓഫിസ് നേരിട്ടാണ് പരാതിപ്പെട്ടി കൈകാര്യം ചെയ്യുക. കഴമ്പുള്ള പരാതികളില്‍ ഉചിതമായ നടപടി ഉറപ്പുനല്‍കുന്നു. സാമൂഹികമാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. നല്ലതും ചീത്തയുമായ ഫലമുണ്ടാക്കും. ഭക്ഷണം കിട്ടുന്നില്ളെന്ന പരാതി ഫേസ്ബുക്കിലിട്ട സൈനികന്‍െറ നടപടിയും ഭാഷയും ശരിയല്ല. സൈനിക ഓഫിസറുടെ സഹായിയായി നിയോഗിക്കപ്പെട്ട അയാള്‍ക്ക് ഓഫിസറുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ജവാന്മാരുടെ സന്നദ്ധത കൂടി പരിഗണിച്ചാണ് ഓഫിസര്‍മാരുടെ സഹായികളായി അവരെ നിയോഗിക്കുന്നത്. ആരെയും നിര്‍ബന്ധിക്കാറില്ല.
സീനിയര്‍മാരെ മറികടന്ന് തന്നെ കരസേന മേധാവിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എന്തുകൊണ്ടാണെന്ന് അറിയില്ല. തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു. അതിര്‍ത്തിക്കപ്പുറത്ത് തീവ്രവാദ ക്യാമ്പുകള്‍ സജീവമായിട്ടുണ്ട്. ആവശ്യമായി വന്നാല്‍ വീണ്ടും മിന്നലാക്രമണം നടത്താന്‍ മടിക്കില്ല. അതിര്‍ത്തിയും മതേതരത്വവും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും റാവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.