ബംഗളൂരു: കർണാടകയിൽ പാർട്ടിക്കെതിരെ സംസാരിക്കുന്ന ചില നേതാക്കൾ പാർട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്. അത്തരം നേതാക്കളുടെ പ്രസ്താവനകളും വിഡിയോകളും പാർട്ടി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. യെദിയൂരപ്പക്കെതിരെ പാർട്ടിയിലെ ചില എം.എൽ.എമാരുടെ വിമത നീക്കം അനുനയിപ്പിക്കാൻ എത്തിയതാണ് അരുൺസിങ്.
അസംതൃപ്തരായ എംഎൽ.എമാരുമായി വ്യാഴാഴ്ച അരുൺ സിങ് കൂടിക്കാഴ്ച നടത്തി. എം.എൽ.എമാരുടെ കോവിഡ് കാല പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിവരം തേടി. അതേസമയം, വിമതരുടെ മുഖ്യ ആവശ്യമായ നേതൃമാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടത്തിയില്ല. കർണാടകയിൽ പാർട്ടിയുടെ പ്രവർത്തനത്തിൽ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരായ എം.എൽ.സി എച്ച്. വിശ്വനാഥിെൻറ പ്രസ്താവന സംബന്ധിച്ച് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ, അടുത്തിടെ പാർട്ടിയിൽ ചേർന്ന ചിലർക്ക് പാർട്ടിയുടെ ആദർശങ്ങൾ അറിയില്ലെന്നും അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അരുൺ സിങ് പ്രതികരിച്ചു. വ്യാഴാഴ്ച കുമാര കൃപ ഗസ്റ്റ് ഹൗസിലും മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്തും നേതാക്കളുമായി കൂടിക്കാഴ്ച നടന്നു.
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അഴിമതിക്കാരനാണെന്ന് ബി.ജെ.പി എം.എൽ.സി എച്ച്. വിശ്വനാഥ് ആരോപിച്ചിരുന്നു. അരുൺസിങ് ബംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്നതിനിടെയായിരുന്നു വിശ്വനാഥിെൻറ വിവാദ പ്രസ്താവന. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര എല്ലാ വകുപ്പിെൻറയും ഭരണത്തിൽ ഇടപെടുകയാണെന്നും മന്ത്രിസഭയിൽ ആരും ഇക്കാര്യത്തിൽ സംതൃപ്തരല്ലെന്നും വിശ്വനാഥ് പറഞ്ഞു. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പരുതെന്നും ആക്ഷേപമുള്ളവർക്ക് താനുമായി കുടിക്കാഴ്ച നടത്താമെന്നും അരുൺ സിങ് കഴിഞ്ഞദിവസം താക്കീത് നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി നിയമനിർമാണ കൗൺസിൽ അംഗം രംഗത്തെത്തിയത്.
അഴിമതിയുടെ പങ്ക് കേന്ദ്ര നേതാക്കൾക്കും ലഭിക്കുന്നുണ്ടെന്നും വിശ്വനാഥ് ആരോപിച്ചു. അടുത്തിടെ ബോർഡ് മീറ്റിങ് പോലും ചേരാതെ ജലസേചന വകുപ്പ് 20,000 കോടിയുടെ ടെണ്ടർ ക്ഷണിച്ചതും ജിൻഡാൽ സ്റ്റീലിന് ബെള്ളാരിയിൽ 3660 ഏക്കർ ഭൂമി തുച്ഛമായ വിലക്ക് നൽകാൻ തീരുമാനിച്ചതും അഴിമതിയുടെ ഭാഗമാണ്. തനിക്ക് േകന്ദ്ര നേതാക്കൾക്ക് പണം നൽകേണ്ടതുണ്ടെന്നാണ് അഴിമതി സംബന്ധിച്ച് യെദിയൂരപ്പയുെട വാദം. ഇവിടെ നിന്ന് നിങ്ങൾ പണം കൊണ്ടുപോവുകയാണോ എന്നാണ് കേന്ദ്ര പ്രതിനിധിയായ അരുൺ സിങ്ങിനോട് ചോദിക്കേണ്ടത്. യെദിയൂരപ്പ കർണാടക ബി.ജെ.പിക്ക് നൽകിയ സംഭാവനകളെ മാനിക്കുന്നെന്നും എന്നാൽ, പ്രായവും ആരോഗ്യവും കാരണം അദ്ദേഹത്തിനിപ്പോൾ സർക്കാറിനെ നയിക്കാനാവില്ലെന്നും ഭരണത്തിൽ അദ്ദേഹത്തിെൻറ കുടുംബം ഇടപെടുന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണെന്നും വിശ്വനാഥ് കൂട്ടിച്ചേർത്തു.
ജെ.ഡി^എസ് മുൻ സംസ്ഥാന അധ്യക്ഷനായ എച്ച്. വിശ്വനാഥ് 2019ൽ ഒാപറേഷൻ താമരയിലൂടെ സഖ്യ സർക്കാറിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തിയതാണ്. ഹുൻസൂർ എം.എൽ.എയായിരുന്ന അദ്ദേഹം പിന്നീട് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നാമനിർദേശത്തിലൂടെ എം.എൽ.സിയായെങ്കിലും യെദിയൂരപ്പ വാഗ്ദാനം ചെയ്ത മന്ത്രി പദവി അദ്ദേഹത്തിന് ലഭിച്ചില്ല. സാേങ്കതിക കാരണങ്ങളാൽ വിശ്വനാഥിനെ മന്ത്രിയാക്കുന്നത് ഹൈക്കോടതി തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.