മുംബൈ: മുംബൈയെ കർണാടകയുടെ ഭാഗമാക്കണമെന്നു പറഞ്ഞ കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി ചരിത്രം പഠിക്കണമെന്ന് ശിവസേന. കർണാടകയിലെ മറാത്തി ഭൂരിപക്ഷ പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് മറാത്തി ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാനാണെന്നും സവാദി ചരിത്രം മനസ്സിലാക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
'ചില ഭ്രാന്തന്മാർ വെറുതെ പിച്ചുംപേയും പറയുകയാണ്. ആര് ഉപമുഖ്യമന്ത്രിയായാലും, ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് അയാൾ മനസ്സിലാക്കണം. കന്നഡിഗരുടെ ഭാഷ മാറ്റാൻ മഹാരാഷ്ട്രയിൽ ഒരിക്കലും നിർബന്ധിക്കാറില്ല. ഞങ്ങൾ മഹാരാഷ്ട്രയിൽ കന്നട സ്കൂളുകൾ നടത്തുകയും അവയ്ക്ക് സബ്സിഡി നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ, കർണാടകയിലെ സ്ഥിതി അതല്ല. ഈ പോരാട്ടം അവിടെ ഞങ്ങളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കാനാണ്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഒരു താക്കറെയാണെന്ന് കർണാടക ഓർമിക്കുന്നത് നന്നാകും' -റാവുത്ത് പറഞ്ഞു.
ബെൽഗാം, കാർവാർ, നിപ്പനി തുടങ്ങിയ കർണാടകയിലെ മറാത്തി ഭൂരിപക്ഷ പ്രദേശങ്ങൾ അതിർത്തി തർക്കം പരിഹരിക്കുംവരെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി മുംബൈയെ കർണാടകയിൽ ലയിപ്പിക്കണമെന്നും അതുവരെ മുംബൈ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്നും ആവശ്യപ്പെട്ടത്.
സവാദിയുടെ പ്രസ്താവന അസംബന്ധമാണെന്നും കർണാടകയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം സുപ്രീംകോടതിയുടെ പരിഗണനയിൽ നടപടി കാത്തുകിടക്കെയാണ് ഇരു സംസ്ഥാന നേതാക്കളും വാക്പയറ്റിൽ ഏർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.