ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ മകന് സീറ്റ് നൽകാത്തതിനെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ഉടക്കി മുൻ ഉപമുഖ്യമന്ത്രിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനുമായ കെ.എസ്. ഈശ്വരപ്പ. മകൻ കാന്തേശിനെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിനിറക്കുമെന്നാണ് സൂചന. പാർട്ടിയുടെ രണ്ടാം പട്ടികയിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്ന ഹാവേരി സീറ്റിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. ഹാവേരി സീറ്റ് മകന് നൽകാമെന്നും പ്രചാരണത്തിനെത്താമെന്നും പാർട്ടി നേതാവ് ബി.എസ് യെദിയൂരപ്പ ഉറപ്പ് നൽകിയിരുന്നെന്നാണ് ഈശ്വരപ്പ പറയുന്നത്.
മാർച്ച് 15ന് ശിവമൊഗ്ഗയിൽ തന്നെ പിന്തുണക്കുന്നവരുടെ യോഗം വിളിക്കുമെന്നും മകന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ‘ഇന്ത്യാ ടുഡേ’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അറിയിച്ചു. ശിവമൊഗ്ഗയിൽ നിന്നോ ഹാവേരിയിൽ നിന്നോ മകനെ മത്സരിപ്പിക്കാനാണ് ഈശ്വരപ്പയുടെ നീക്കം. ശിവമൊഗ്ഗയിൽ യെദിയൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്രയാണ് നിലവിലെ എം.പി. അദ്ദേഹത്തെ തന്നെയാണ് പാർട്ടി പരിഗണിക്കുന്നതും.
2013ൽ യെദിയൂരപ്പ ബി.ജെ.പി വിട്ട് കർണാടക ജനത പാർട്ടി രൂപവത്കരിച്ചപ്പോൾ പിന്തുണക്കാത്തതിലുള്ള അനിഷ്ടമാണ് മകന് സീറ്റ് നൽകാത്തതിന് പിന്നിലെന്നാണ് ഈശ്വരപ്പയുടെ ആരോപണം. തന്നെയും പാർട്ടിയുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ബി.ജെ.പി എം.പിമാരായ പ്രതാപ് സിംഹ, നളിൻ കുമാർ കട്ടീൽ എന്നിവരെയും പോലെയുള്ള ആത്മാർഥതയുള്ള പാർട്ടി പ്രവർത്തകരെ യെദിയൂരപ്പ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശിവമൊഗ്ഗയിൽ നിന്നും ഹാവേരിയിൽ നിന്നും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അഭ്യുദയകാംക്ഷികൾ തന്നെ വിളിക്കുന്നുണ്ടെന്നും യെദിയൂരപ്പ ഞങ്ങളോട് അനീതി ചെയ്തെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തന്റെ മകൻ എവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ സീറ്റ് മകൻ കാന്തേശിന് വേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.