ന്യൂഡൽഹി: സുസ്മിത ദേവ് പാർട്ടി വിട്ടതിന് പിന്നാലെ നെട്ട ഡിസൂസയെ മഹിള കോൺഗ്രസിന്‍റെ ആക്ടിങ് പ്രസിഡന്‍റായി കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. മുഴുവൻ സമയ അധ്യക്ഷയെ നിയമിക്കുന്നത് വരെ മഹിള കോൺഗ്രസിന്‍റെ ചുമതല ഡിസൂസയെ ഏൽപിച്ച വിവരം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അറിയിച്ചത്.
അസമിലെ പ്രമുഖ നേതാവും മുൻ എം.പിയുമായിരുന്ന സുസ്മിത കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. സുസ്മിത ദേവ് അസമിൽ തൃണമൂലിനെ നയിച്ചേക്കുമെന്നാണ് വിവരം. പൗരത്വ പ്രക്ഷോഭ നേതാവും എം.എൽ.എയുമായ അഖിൽ ഗൊഗോയ് പാർട്ടി നേതൃ സ്ഥാനം നിരസിച്ചതോടെയാണ് സുസ്മിതക്ക് അവസരം ലഭിക്കുകയെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെയാണ് സുസ്മിത ദേവ് കോൺഗ്രസ് വിട്ടത്. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറുകയും ചെയ്തു. വൈകിട്ടോടെ താൻ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അസമിൽ കോൺഗ്രസിെൻറ മുഖങ്ങളിലൊന്നായ സുസ്മിത ദേവ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് എഴുതിയതിനു തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിലെത്തി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. രാജിക്ക് കാരണമൊന്നും കത്തിൽ പറഞ്ഞിട്ടില്ല.
നേരത്തേ രജ്ദോർ ദൾ സ്ഥാപകൻ ഗൊഗോയ്യും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അസമിൽ പാർട്ടിയെ നയിക്കാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ മമതയുടെ ക്ഷണം ഗൊഗോയ് നിരസിക്കുകയായിരുന്നു.
48കാരിയായ സുസ്മിത പ്രമുഖ കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിെൻറ മകളാണ്. അസമിൽനിന്ന് അഞ്ചുവട്ടവും ത്രിപുരയിൽനിന്ന് രണ്ടു തവണയും ലോക്സഭാംഗമായിരുന്നു സന്തോഷ് മോഹൻദേവ്.
രാജിക്കത്തിൽ കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും അസം നിയമസഭ തെരഞ്ഞെടുപ്പു മുതൽ സുസ്മിത കോൺഗ്രസ് നേതൃത്വവുമായി ചേർച്ചയിലായിരുന്നില്ല. അസമിൽ എ.ഐ.യു.ഡി.എഫുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പ്രധാന കാരണം. സീറ്റ് ചർച്ചകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.