ന്യൂഡൽഹി: അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിയും പാർട്ടിയിലെ പോരും തളർത്തിയ കോൺഗ്രസിനെ സക്രിയമാക്കാൻ നേതൃപരമായ ഇടപെടലുകൾ സജീവമാക്കി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കടുത്ത വിമർശനം നേരിടുന്ന രാഹുൽ ഗാന്ധിയെ പിന്നിലേക്ക് മാറ്റിനിർത്തിയാണ് ഏതാനും ദിവസമായി പാർലമെന്റിലും പാർട്ടിയിലും സോണിയയുടെ നേരിട്ടുള്ള നിയന്ത്രണം.
മാസങ്ങളായി പാർലമെന്റിൽ നിശ്ശബ്ദയായിരുന്നെങ്കിലും ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ സോണിയ സജീവം. ഇന്ധന വിലവർധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധം ബുധനാഴ്ച പാർലമെന്റിൽ നയിച്ചത് സോണിയ ഗാന്ധിയാണ്. സമൂഹ മാധ്യമങ്ങളും സർക്കാറുമായുള്ള ഒത്തുകളിക്കെതിരെയും സ്കൂൾ ഉച്ചഭക്ഷണ പരിപാടി പുനരാരംഭിക്കുന്നതിനു വേണ്ടിയും കഴിഞ്ഞ ദിവസങ്ങളിൽ സോണിയ പാർലമെന്റിൽ സംസാരിച്ചു.
പദവിയൊന്നും ഇല്ലെങ്കിലും രാഹുൽ ഗാന്ധി പിൻസീറ്റ് ഡ്രൈവിങ് നടത്തുന്നുവെന്ന തിരുത്തൽവാദികളുടെ ആക്ഷേപത്തിനിടയിൽ, രാഹുലിനെ ഇടപെടുവിക്കാതെ പാർട്ടി അധ്യക്ഷയുടെ ചുമതല സോണിയ ഗാന്ധി നേരിട്ട് നടത്തുന്നുവെന്ന പ്രതീതിയാണ് ഏതാനും ദിവസങ്ങളായി കോൺഗ്രസിൽ.
തെരഞ്ഞെടുപ്പിൽ തോറ്റ അഞ്ചു സംസ്ഥാനങ്ങളിലെയും പി.സി.സി അധ്യക്ഷന്മാരോട് രാജിവെക്കാൻ നിർദേശിച്ച സോണിയ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരുത്തൽ നിർദേശങ്ങൾ സമാഹരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തിട്ടുണ്ട്. പഞ്ചാബിലെയും കേരളത്തിലെയും എം.പിമാരുമായി കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട് ആശയവിനിയമം നടത്തി. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ശശി തരൂരിനെയും കെ.വി. തോമസിനെയും വിലക്കിയത് സോണിയ നേരിട്ടാണ്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫിസ് ഇപ്പോൾ സജീവം.
വിശ്വാസ്യത നഷ്ടപ്പെട്ട കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന വിധത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പെരുമാറുന്നതിനിടയിൽ, സഖ്യകക്ഷികളുടെ പിന്തുണ ആർജിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പശ്ചിമബംഗാളിൽ നിയമവാഴ്ച തകർന്നുവെന്ന കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം പതിവുവിട്ട രീതിയിൽ ഡസ്കിലടിച്ച് സോണിയ പിന്താങ്ങിയതും ശ്രദ്ധേയമായി.
ലോക്സഭയിൽ ഇന്ധനവില വർധനവിനെതിരായ പ്രതിപക്ഷ സമരത്തിന് മാർഗനിർദേശങ്ങൾ നൽകാൻ സോണിയ ബുധനാഴ്ച മുന്നിട്ടിറങ്ങി. ചോദ്യോത്തര വേളയിൽ ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം മാത്രം ഉയർത്താൻ സഖ്യകക്ഷി നേതാക്കളോട് സോണിയ നിർദേശിക്കുന്നത് കാണാമായിരുന്നു. സഭയിൽ ചോദ്യം ഉന്നയിക്കാൻ അവസരം കിട്ടിയ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിനോടും നാഷനൽ കോൺഫറൻസ് അംഗം ഹസ്നെയ്ൻ മസൂദിയോടും അവരുടെ ചോദ്യം വിട്ട് ഇന്ധന വിലവർധന പ്രശ്നം ഉന്നയിക്കാൻ സോണിയ ആവശ്യപ്പെട്ടു.
പാർട്ടിയിലെ തിരുത്തൽവാദികളുടെ യോഗം നടന്നതിനുപിന്നാലെ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളുമായി ആശയവിനിമയം നടത്തി അമർഷവും പ്രതിഷേധവും അടക്കാൻ മുൻകൈയെടുത്തത് സോണിയയാണ്. ഈ നടപടികളിൽനിന്നെല്ലാം ഉൾവലിഞ്ഞു നിൽക്കുകയാണ് രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.