ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കും. രാജസ്ഥാനിൽനിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഡൽഹിയിലെ വീട്ടിൽനിന്നു രാവിലെ രാജസ്ഥാനിലേക്ക് പുറപ്പെട്ട അവർ പത്തു മണിയോടെ ജയ്പൂരിലെത്തി.
ഈമാസം 27നാണു രാജ്യസഭാ തെരഞ്ഞെടുപ്പ്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണു സോണിയ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ടു രാജ്യസഭയിലേക്കു പോകുന്നത്. പൊതു തെരഞ്ഞെടുപ്പിൽ സോണിയ മത്സരരംഗത്തുണ്ടാകില്ലെന്ന കാര്യം ഇതോടെ ഉറപ്പായി. 2006 മുതൽ ലോക്സഭയിൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയയാണ്. പകരം മകൾ പ്രിയങ്ക ഗാന്ധിയെ ഇവിടെ മത്സരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കിൽ പ്രിയങ്കയുടെ ആദ്യ മത്സരമാവും ഇത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു.പിയിൽ ജയിച്ച ഏക മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് സോണിയാ രാജ്യസഭയിലേക്ക് മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. 22 വർഷം കോൺഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ അഞ്ചുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സോണിയക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെും രാഹുൽ ഗാന്ധിയും എത്തും. ഈമാസം 15നാണു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയതി.
രാജസ്ഥാനും ഹിമാചൽ പ്രദേശുമാണ് രാജ്യസഭയിലേക്കു മൽസരിക്കാൻ സോണിയക്കു വേണ്ടി പാർട്ടി കണ്ടെത്തിയ രണ്ടു സംസ്ഥാനങ്ങൾ. ഇതിൽ നിന്നും സോണിയ രാജസ്ഥാൻ തെരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.