ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വൈകീട്ട് നടക്കും. ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ 14 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

എന്നാൽ ആം ആദ്മി, ബി.എസ്.പി എന്നീ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സംയുക്ത പ്രമേയം യോഗത്തില്‍ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ പരാജയം, കോവിഡ് വാക്‌സിനേഷനിലെ അപര്യാപ്തത, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രമേയത്തില്‍ ഊന്നല്‍ നല്‍കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നത്. നാലാഴ്ച നീണ്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്.

പ്രതിപക്ഷത്ത് ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വം അരക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ യോഗത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. ആഗസ്റ്റ് 9ന് കപിൽ സിബലിന്‍റെ വസതിയിൽ നടത്തിയ വിരുന്നിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തിരുന്നു. അവർക്കൊന്നും സോണിയ ഗാന്ധി വിളിച്ചുചേർക്കുന്ന യോഗത്തിൽ ക്ഷണം ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

Tags:    
News Summary - Sonia Gandhi to meet leaders of opposition parties today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.