ന്യൂഡൽഹി: വൈദ്യ പരിശോധനക്കും ചികിത്സക്കുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിദേശത്തേക്ക് യാത്ര തിരിക്കും. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യാത്രയിൽ സോണിയക്ക് ഒപ്പമുണ്ടാകും. ആരാകും അടുത്ത കോൺഗ്രസ് പ്രസിഡന്റ് എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സോണിയയുടെ വിദേശ യാത്ര.
യാത്രക്കിടെ, അസുഖ ബാധിതയായ അമ്മയെയും സോണിയ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ നാലിന് ന്യൂഡൽഹിയിൽ നടക്കുന്ന റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്റ്റംബർ ഏഴിന് കോൺഗ്രസ് കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്ര നടത്താൻ തീരുമാനിച്ചിരിക്കയാണ്.
പാർട്ടി തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കുറച്ചു ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ പ്രഖ്യാപനം. അതിനുള്ളിൽ നാമനിർദേശ പത്രിക നൽകലും പരിശോധനയും പിൻവലിക്കലും എല്ലാം പൂർത്തിയാക്കണം. ''ആഗസ്റ്റ് 20 നു തുടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രകൃയ സെപ്റ്റംബർ 21ന് അവസാനിക്കും.
എന്നാൽ തെരഞ്ഞെടുപ്പിന്റെ കൃത്യമായ തീയതി ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയിക്കും. എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാം.''-ജയ്റാം രമേഷ് സൂചിപ്പിച്ചു. നേരത്തേ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കണ്ട് പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.