ന്യൂഡല്‍ഹി: സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തില്‍ മണിപ്പൂരിലെ അക്രമങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്താത്തതിലെ അതൃപ്തിയും കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു കൂടിയാലോചനയുമില്ലാതെയാണ് പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്. സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ഞങ്ങളില്‍ ആര്‍ക്കും ധാരണയുമില്ല. ഞങ്ങള്‍ മനസ്സിലാക്കുന്നത് അഞ്ചു ദിവസവും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്നു എന്നാണ്.
വരാനിരിക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുപ്രശ്നങ്ങൾക്കായുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും നിയമപരമായി സമയം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തികനില, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അദാനി വിഷയത്തിൽ പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം, മണിപ്പൂരിലെ പ്രതിസന്ധി, ഹരിയാനയിലെ വർഗീയ സംഘർഷം, ലഡാക്ക് അരുണാചൽപ്രദേശ് മേഖലയിൽ ചൈനയുടെ അതിർത്തി കൈയേറ്റം, ജാതി സർവേയുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സെഷനില്‍ പരിഗണിക്കപ്പെടുമെന്ന് ഞാന്‍ ആത്മാർഥമായി പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു.
അജണ്ട ചർച്ച ചെയ്യാതെ ആദ്യമായാണ് സഭ കൂടുന്നതെന്ന് വാർത്തസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് ജയ്റാം രമേശും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.