പട്ന: പാർലെ ജി ബിസ്ക്കറ്റിനായി ബിഹാറിൽ ആളുകളുടെ നെട്ടോട്ടം. സാമൂഹിക മാധ്യമങ്ങളിലൂെട പ്രചരിച്ച വിചിത്ര സന്ദേശം വിശ്വസിച്ചാണ് ആളുകൾ പരക്കം പാഞ്ഞത്. 'ജിതിയ' ഉത്സവത്തിന്‍റെ ഭാഗമായി ആൺമക്കൾ പാർലെ ജി കഴിച്ചില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കുമെന്നായിരുന്നു വിശ്വാസികൾക്കിടയിൽ പ്രചരിച്ച കിംവദന്തി.
ഇതോടെ ആളുകൾ പെട്ടിക്കടകളിലും സൂപ്പർമാർക്കറ്റുകളിലും ബിസ്ക്കറ്റിനായി ഇടിച്ചുകയറി. വിൽപന കുതിച്ചുയർന്നതോടെ ചിലർ അവസരം മുതലെടുത്ത് കരിഞ്ചന്തയിൽ വിൽപന നടത്തിയതായും ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ചുരൂപയുടെ ചെറിയ ബിസ്ക്കറ്റ് പായ്ക്കറ്റ് 50 രൂപ വരെ ഈടാക്കിയാണ് വിറ്റത്.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജിതിയ ഉത്സവം ആഘോഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി അമ്മമാർ പുത്രന്മാരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ജീവിത സമൃദ്ധിക്കും പ്രാർത്ഥിക്കാൻ 24 മണിക്കൂർ ഉപവസിക്കാറുണ്ട്. മക്കൾ ജിതിയ ഉത്സവത്തിൽ പാർലെ ജി കഴിച്ചില്ലെങ്കിൽ അവർക്ക് അനിഷ്ട സംഭവങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു സന്ദേശം. ബിഹാറിലെ സീതാമർഹി ജില്ലയിലെ ബൈർഗാനിയ, ധേങ്, നാൻപൂർ, ദുംറ, ബാജ്പട്ടി തുടങ്ങിയ പ്രദേശങ്ങളിൽ കിംവദന്തി അതിവേഗം പരന്നു. അതേസമയം സന്ദേശത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.