സൗമ്യാവധക്കേസ്​: പുനഃപരിശോധനാ ഹരജികള്‍ തള്ളി; കട്ജുവിനെ വിളിച്ചുവരുത്തി ഇറക്കിവിട്ടു

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വാക്തര്‍ക്കങ്ങള്‍ക്കിടയില്‍ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ കേരള സര്‍ക്കാറും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി തള്ളി. കോടതി വിളിച്ചുവരുത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ വാദംകേട്ടശേഷമാണ് ഹരജികള്‍ തള്ളിയത്. കോടതിവിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസയച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തെ കോടതിയില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു.  
സുപ്രീംകോടതിയില്‍ താന്‍ വിധിപ്രസ്താവം നടത്തിയ അതേ ആറാം നമ്പര്‍ കോടതിമുറിയിലാണ് സൗമ്യവധക്കേസിലെ വിധിയെ വിമര്‍ശിച്ച് ബ്ളോഗ് എഴുതിയതിന്‍െറ പേരില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെ വാദം അവതരിപ്പിക്കാനെന്ന പേരില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിളിച്ചുവരുത്തിയത്. ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍ തെറ്റുപറ്റുമെന്നും തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും അക്കാര്യം കോടതിയില്‍തന്നെ താന്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞാണ് ജസ്റ്റിസ് കട്ജു വാദംതുടങ്ങിയത്. താങ്കളുടെ വിധിപ്രസ്താവങ്ങള്‍ തങ്ങളെന്നും വായിക്കാറുണ്ടെന്നും അതൊരിക്കലും തെറ്റുപറ്റാത്തതാണെന്ന് തങ്ങള്‍ക്കറിയാമെന്നുമുള്ള പരിഹാസമായിരുന്നു ഇതിന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണം. തുടര്‍ന്ന് തന്‍െറ ഭാഗം നന്നായി അവതരിപ്പിച്ച ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു, സൗമ്യയെ തള്ളിയിട്ടതാണോ ചാടിയതാണോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ളെന്ന് വാദിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 300ാം വകുപ്പിലെ മൂന്നും നാലും ഭാഗങ്ങളുടെ പ്രസക്തി അവഗണിച്ചതാണ് ഈ കേസില്‍ ബെഞ്ചിന് പറ്റിയ തെറ്റെന്നും അതുപ്രകാരം പ്രതിക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം വേണമെന്നില്ളെന്നും ജസ്റ്റിസ് കട്ജു സമര്‍ഥിച്ചു. ട്രെയിനിനകത്തുവെച്ച് ഗോവിന്ദച്ചാമി സൗമ്യയുടെ തലപിടിച്ച് ഇടിച്ചതുകൊണ്ടുണ്ടായ ഒന്നാമത്തെ പരിക്കല്ല, ട്രെയിനില്‍നിന്ന് വീണശേഷമുണ്ടായ രണ്ടാമത്തെ പരിക്കാണ് മരണകാരണമെന്ന ഡോക്ടറുടെ മൊഴിമാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്. എന്നാല്‍, ആദ്യ പരിക്കിന് കാരണമായ സംഭവത്തിന്‍െറ തുടര്‍ച്ചയാണ് രണ്ടാമത്തെ പരിക്കിന് കാരണമായതെന്ന സാമാന്യബോധം ബെഞ്ചിനുണ്ടായില്ല എന്ന് കട്ജു ബോധിപ്പിച്ചു. 

ട്രെയിനിലെ ഭിത്തിയില്‍ നിരന്തരം സൗമ്യയുടെ തലയിടിച്ചശേഷം പ്രതിയില്‍നിന്ന് രക്ഷപ്പെടാന്‍ ജീവരക്ഷാര്‍ഥം ചാടിയതാണെന്ന വാദം അംഗീകരിച്ചാല്‍പോലും ഇതിനെല്ലാം കാരണക്കാരനായ ഗോവിന്ദച്ചാമിയാണ് കൊലപാതകം നടത്തിയതെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മതിയെന്ന് ജസ്റ്റിസ് കട്ജു ആവര്‍ത്തിച്ചു. ഊരും പേരുമില്ലാത്ത, കാഴ്ചക്കാരനായിനിന്ന ഒരാള്‍ സൗമ്യ ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞ മൊഴി കേട്ടുകേള്‍വിയായിട്ടും കാര്യമായെടുത്തത് ബെഞ്ചിന് പറ്റിയ മറ്റൊരു തെറ്റാണെന്ന് ജസ്റ്റിസ് കട്ജു സമര്‍ഥിച്ചു. നിയമപ്രകാരം തെളിവായി ഒരിക്കല്‍ സ്വീകരിച്ച ഒരുകാര്യം പിന്നീട് അല്ളെന്ന് പറയാനാവില്ളെന്നായിരുന്നു ഇതിന് ജസ്റ്റിസ് യു.യു. ലളിത് നല്‍കിയ മറുപടി. 

നിയമപ്രകാരം സ്വീകരിച്ച് തെളിവ് വിശ്വാസയോഗ്യമല്ളെങ്കില്‍ സ്വീകരിക്കുമോയെന്ന് ചോദിച്ച ജസ്റ്റിസ് കട്ജു അതിന് സാമാന്യബോധം വേണമെന്നും തിരിച്ചടിച്ചു. 40 മിനിറ്റ് നീണ്ട ജസ്റ്റിസ് കട്ജുവിന്‍െറ വാദത്തത്തെുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയും സൗമ്യയുടെ മാതാവിനുവേണ്ടി അഡ്വ. ഹുദൈഫ് അഹ്മദിയും ഇതേ വാദത്തെ പിന്തുണച്ചു. ഉത്തരവ് പിന്‍വലിച്ച് മറ്റൊരു ബെഞ്ചിന് വിടണമെന്ന് അഡ്വ. വേദ്പ്രകാശും വാദിച്ചു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാതിരുന്ന തങ്ങളുടെ വിധിയില്‍ തെറ്റുപറ്റിയെന്ന് ബോധ്യമായിട്ടില്ളെന്ന് പറഞ്ഞ് പുനഃപരിശോധനാ ഹരജി തള്ളി. അതിനുശേഷമാണ് ജസ്റ്റിസ് ഗൊഗോയി കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നത്.  

Tags:    
News Summary - sowmya murder case: review petition - justice katju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.