മുംബൈ: ബി.ജെ.പി എം.പിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിങ് താക്കൂറിനെതിരായ അറസ്റ്റ് വാറന്റ് നിർത്തിവെക്കണമെന്ന് എൻ.ഐ. കോടതി ഉത്തരവിട്ടു. 2008ലെ മാലേഗാവ് സ്ഫോടനക്കേസ് പരിഗണിക്കുന്ന പ്രത്യേക എൻ.ഐ.എ കോടതിയുടെതാണ് ഉത്തരവ്. വാറന്റ് നടപ്പാക്കാത്തതിൽ അന്വേഷണ ഏജൻസിയുടെ കഴിവില്ലായ്മയെയും കോടതി ചോദ്യം ചെയ്തു.
വാറന്റ് നടപ്പാക്കാൻ കഴിയാത്തതിനെ കുറിച്ച് തിങ്കളാഴ്ച പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. താക്കൂറിന്റെ വീട്ടു വിലാസത്തിൽ വാറന്റ് നൽകാനായി പോയപ്പോൾ അവരെ കണ്ടില്ലെന്നും അന്വേഷണത്തിനിടെ പ്രജ്ഞയെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്തിയെന്നുമാണ് എൻ.ഐ.എയുടെ വാദം. വാദം പ്രത്യേക കോടതി രേഖപ്പെടുത്തി. തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രജ്ഞക്കെതിരായ അറസ്റ്റ് വാറന്റ് മരവിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.
കേസിൽ വാദം കേൾക്കാൻ ഹാജരാകാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രജ്ഞക്കെതിരെ കോടതി രണ്ട് വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഹാജരാകുന്നതിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഒഴിവാക്കണമെന്ന് അവരുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ രേഖകളുടെ അഭാവത്തിൽ ഇത് ഒരു കാരണമായി അംഗീകരിക്കാൻ കോടതി വിസമ്മതിക്കുകയും നവംബർ 13 ന് അവർക്കെതിരെ പുതിയ വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു. വാറന്റ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എയോട് ആവശ്യപ്പെടുകയും ചെയ്തു.
നേരത്തേ വിചാരണക്ക് ഹാജരാക്കാതെ പ്രജ്ഞ സിങ് താക്കൂർ കേസ് നടപടികൾ തടസ്സപ്പെടുത്തുകയാണെന്ന് എൻ.ഐ.എ കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ക്രിമിനൽ ചട്ടപ്രകാരം മൊഴി നൽകാൻ ഹാജരാകാതെ പ്രജ്ഞ വിചാരണ തടസ്സപ്പെടുത്തുകയാണ് എന്നായിരുന്നു കോടതിയുടെ വിമർശനം. അതേസമയം, കോടതിയിൽ വിചാരണ നടക്കുന്ന അതേദിവസം പ്രജ്ഞ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ക്രിക്കറ്റ് കളിക്കുകയും നൃത്തംവെക്കുകയും ചെയ്യുന്നതിന്റെ വിഡിയോകൾ പ്രചരിച്ചിരുന്നു. മാലേഗാവ് സ്ഫോടനക്കേസിൽ കേസിൽ സാക്ഷിവിസ്താരം അവസാനിച്ചതോടെ ക്രിമിനൽ ചട്ടം 313 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.