മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെതിരായ ഹവാലക്കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയും എൻ.സി.പി വക്താവുമായ നവാബ് മാലിക്കിനെ പ്രത്യേക കോടതി മാർച്ച് മൂന്ന് വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിട്ടു. അതേസമയം, രാഷ്ട്രീയ വിവാദമുയർത്തിയ അറസ്റ്റിനെതിരെ ഇന്ന് മഹാരാഷ്ട്ര മന്ത്രിമാർ മുംബൈ മഹാത്മ ഗാന്ധി സ്മാരകത്തിൽ പ്രതിഷേധ ധർണ നടത്തും.
ബുധനാഴ്ച രാവിലെയാണ് ഇ.ഡി സംഘം നവാബ് മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഏഴ് മണിക്കൂർ ചോദ്യം ചെയ്തു. വൈകീട്ട് 2.45 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുട്ടുമടക്കില്ലെന്നും പൊരുതുമെന്നും കോടതിയിലേക്ക് കൊണ്ടുപോകും വഴി മാലിക് മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇ.ഡി കാര്യാലയത്തിൽ വെച്ചാണ് സമൻസിൽ ഒപ്പിടുവിച്ചതെന്നും മാലിക് കോടതിയിൽ പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ 'ഡി കമ്പനി'യുടെ അനധികൃത സ്വത്തുക്കൾ തുഛ വിലയ്ക്ക് മാലിക് വാങ്ങിയെന്നും ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുമായാണ് ഭൂമി ഇടപാട് നടത്തിയതെന്നും ഇ.ഡി ആരോപിച്ചു.
ഹസീനയുടെ മകൻ അലി ഷായുടെ മൊഴിയാണ് ഇതിന് ആധാരം. '93 ലെ സ്ഫോടനപരമ്പര കേസ് പ്രതി സലിം പട്ടേലിൽ നിന്ന് കുർളയിലെ ഗോവ കോമ്പൗണ്ട് ഭൂമിവാങ്ങിയതും ഇതിൽപെടും. എന്നാൽ, ഭൂമിയുടെ യഥാർഥ ഉടമ സലിം പട്ടേലല്ലെന്നും മാലിക് ഭൂമി വാങ്ങി പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
ദാവൂദ്, ഹസീന, ഇഖ്ബാൽ മിർച്ചി തുടങ്ങി 'ഡി കമ്പനി' അംഗങ്ങൾക്കെതിരെ ഭീകരവാദ പ്രവർത്തനം ആരോപിച്ച് എൻ.ഐ.എയെടുത്ത കേസിന് സമാന്തരമായാണ് ഇ.ഡിയുടെ ഹവാല കേസ്.
കഴിഞ്ഞ ദിവസം ഹസീനയുടെ വീടടക്കം 10 ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കോഴക്കേസിൽ മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ സിങ് അറസ്റ്റിലായി നാലുമാസം തികയുമ്പോഴാണ് മാലിക്കിന്റെ അറസ്റ്റ്. മാലിക്കും രാജിവെച്ചേക്കും. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.