ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ ഉപാധികളോടെ ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ക്ഷാമം മൂലം കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് തുടങ്ങിയതിന്‍റെ പശ്ചാത്തലത്തിലുമാണിത്.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേർഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി) സ്പുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കാമെന്ന ശിപാർശ മുന്നോട്ടുവെച്ചത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചാല്‍ സ്പുട്നിക് 5 വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും.
റഷ്യയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക് 5 ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ ആണ്. 2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്‌സിന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക് 5 വാക്‌സിനിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
അനുമതി ലഭിച്ചാൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക് 5 മാറും. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവയാണ് മറ്റുള്ളവ. ഇന്ത്യയിൽ ഡോ. റെഡ്ഡീസാണ് സ്പുട്നിക് 5 നിർമിക്കുന്നത്. വാക്സിൻ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.