മംഗളുരു: കടുത്ത വർഗീയ പ്രസ്താവനകളുമായി ശ്രീരാമസേന തലവൻ പ്രമോദ് മുത്താലിക് വീണ്ടും രംഗത്തെത്തി. മുസ് ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കൾ അവസാനിപ്പിക്കണമെന്നും അവരെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നും മുത്തലിഖ് ആവശ്യപ്പെട്ടു. ഞായറാഴ്ച മംഗളൂരുവിൽ നടന്ന മദ്രുപൂജ ആഘോഷത്തിനിടെയായിരുന്നു വിവാദ പ്രസംഗമെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ മുസ് ലിംകൾ എതിർക്കുന്നു. കന്നുകാലി കശാപ്പ് ബില്ലിനെയും അവർ എതിർക്കുന്നു. വന്ദേമാതരം ആലപിക്കാൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം അവസാനിപ്പിക്കുന്നത് വരെ മുസ് ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നും മുത്തലിഖ് വ്യക്തമാക്കി. ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്നും അവ ആരാധിക്കണമെന്നും പ്രസംഗത്തിൽ മുത്തലിക് ആവശ്യപ്പെട്ടു. ഇത് മോശമായ സമയമാണ്. അക്രമങ്ങൾ, ഭീകരവാദം, അഴിമതി എന്നിവയിൽ നിന്ന് നമുക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഹിന്ദു ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു. രാജ്യത്താകമാനം പള്ളികൾ പണിയാൻ മുസ് ലിംകൾക്ക് അനുമതി ലഭിക്കുന്നു. അതേസമയം അയോധ്യയിൽ രാമ മന്ദിർ നിർമിക്കാൻ നമുക്ക് പറ്റുന്നില്ല എന്നത് നിർഭാഗ്യകരമാണ്- അദ്ദേഹം വ്യക്തമാക്കി.
ബംഗളുരുവിലെ ആനന്ദ് റാവു സർക്കിളിന് സമീപം ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം നടത്തിയ മുത്തലിക്കിനും അനുയായികൾക്കുമെതിരെ ബംഗളുരു പൊലീസ് ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉടുപ്പി ശ്രീകൃഷ്ണ മഠത്തിൽ ഇഫ്താർ പാർട്ടി സംഘടിപ്പിക്കുന്ന പജാവർ ദർശനത്തിനെതിരെയാണ് അദ്ദേഹം അന്ന് പ്രസംഗിച്ചത്. ഇനി മുതൽ ക്ഷേത്രങ്ങളിൽ ഇഫ്താർ പാർട്ടികൾ നടത്തിയാൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്ന് മുത്തലിക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.