മുംബൈ: മുംബൈ തീരത്തെ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധെപ്പട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം ആര്യൻ ഖാന് എതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻ.സി.ബി സോണൽ ഡയക്ടർ സമീർ വാങ്കഡെ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാർട്ടിയിൽ പങ്കാളികളായിരുന്നത്. ഇതിൽ ആര്യൻ ഖാനും പെങ്കടുത്തിരുന്നു.
ആര്യൻ ഖാന്‍റെ അടുത്ത സുഹൃത്തായ അർബാസ് മെർച്ചന്‍റ്, മൂൺമൂൺ ധമേച്ച, നൂപുർ സാരിക, ഇസ്മീത് സിങ്, മോഹക് ജയ്സ്വാൾ, വിക്രാന്ത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ പാർട്ടി സംഘടിപ്പിച്ച ആറുപേർക്ക് എൻ.സി.ബി സമൻസ് അയക്കുകയും ചെയ്തു.
ഫാഷൻ ടി.വി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ ഖാശിഫ് ഖാനും എൻ.സി.ബിയുടെ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ എൻ.സി.ബി വിളിപ്പിച്ചതായാണ് വിവരം. ഖാശിഫ് ഖാന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ആര്യന്‍റെ ഫോൺ എൻ.സി.ബി പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വെക്കുന്നതോ ഉപയോഗിക്കുന്നതോ സംബന്ധിച്ച എന്തെങ്കിലും തെളിവുകൾ ഫോണിൽനിന്ന് ലഭിച്ചേക്കാമെന്നതിൻറെ അടിസ്ഥാനത്തിലാണ് പരിശോധന. ആര്യൻ ഖാന്‍റെ ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മൂത്ത മകനാണ് ആര്യൻ ഖാൻ.
ഡൽഹിയിൽനിന്ന് മുംബൈയിൽ പാർട്ടിക്കെതിരെ മൂന്ന് പെൺകുട്ടികളെയും ചോദ്യം ചെയ്യുന്നതായാണ് വിവരം. ഇവരിൽ പ്രമുഖ വ്യവസായിയുടെ മക്കളും ഉൾപ്പെടുമെന്ന് പറയുന്നു.
'ക്രേ ആർക്ക്' എന്ന പേരിലാണ് ഫാഷൻ ടി.വി പരിപാടി ഒരുക്കിയത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്, ബുൽസിയ ബ്രോൺകോട്ട്, ദീപേഷ് ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.
രണ്ടാം ദിവസം ഒരു മണി മുതൽ എട്ട് മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ റാവോൽ കെ, ഇന്ത്യയിൽ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാൽ, പാർട്ടി തുടങ്ങി മണിക്കൂറുകൾക്കകം തന്നെ രഹസ്യവിവരത്തെ എൻ.സി.ബി സംഘം കപ്പൽ റെയ്ഡ് ചെയ്യുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.