മുംബൈ: രണ്ടുദിവസമായി നഗരത്തിലെ ദേവ്നാർ ‘ഏകതാ ഉദ്യാനി’ൽ നടക്കുന്ന സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം ഞായറാഴ്ച സമാപിക്കും. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ഉച്ചക്ക് മൂന്നിന് അഫീഫുദ്ദീൻ ജീലാനി ബാഗ്ദാദ് ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയാകും. അലി ബാഫഖി, മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്തി ബദ്റെ ആലം, ഫസൽ കോയമ്മ, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, അബ്ദുറഹ്മാൻ ബാഖവി അൽഅഹ്സനി, മുഹമ്മദ് അഷ്റഫ് അഷ്റഫി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്യ റാസാ, മുഫ്തി മുജ്തബ ശരീഫ്, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, ഇബ്രാഹിം മദനി, സഈദ് നൂരി എന്നിവരും പങ്കെടുക്കും.
സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 10 ലക്ഷം പേർ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് ത്രിദിന ‘ഗോൾഡൻ ഫിഫ്റ്റി’ ദേശീയ സമ്മേളനം തുടങ്ങിയത്. അറബ് ലീഗ് അംബാസഡർ യൂസഫ് മുഹമ്മദ് അബ്ദുല്ല ജമീലാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘വി ദ പീപ്ൾ ഓഫ് ഇന്ത്യ’ വിഷയത്തിൽ പത്രപ്രവർത്തകൻ ആദിത്യ മേനോൻ സംസാരിച്ചു. രണ്ടു ദിവസമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ആത്മസംസ്കരണം, നൈപുണ്യ വികസനം, പ്രഫഷനൽ എത്തിക്സ്, നോളജ് ഇക്കണോമി, പീസ് പൊളിറ്റിക്സ്, എജു വളന്റിയറിങ്, സോഷ്യൽ ആക്ടിവിസം തുടങ്ങിയ മേഖലകളിൽ ഗഹനമായ സംവാദങ്ങളാണ് സംഘടിപ്പിച്ചത്. പഠനം, എജുസൈൻ എക്സ്പോ, പുസ്തകമേള എന്നിവയും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.