ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷക്ക് അഞ്ചുദിവസം മുമ്പ് വരെ മഹേഷ് നല്ല തിരക്കിലായിരുന്നു. കുടുംബം പോറ്റാൻ നിർമാണ തൊഴിലാളിയായി എല്ലുമുറിയെ പണിയെടുക്കുകയായിരുന്നു ഈ 17കാരൻ. ഒടുവിൽ, അവസാന അഞ്ചുദിവസം മാത്രം പണിയിൽനിന്ന് മാറിനിന്ന് മനസ്സിരുത്തി പഠിച്ചു. 625ൽ 616 മാർക്കാണ് ഇൗ മിടുക്കൻ നേടിയത്.
ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പടപൊരുതി നേടിയ തങ്കത്തിളക്കമേറുന്ന ജയം. കുടുംബം പോറ്റാൻ കെട്ടിട നിർമാണ തൊഴിലും പഠനവും ഒന്നിച്ചു കൊണ്ടുപോയ മഹേഷിെൻറ വിധിയോടുള്ള പ്രതികാരമാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ വൈറൽ ചർച്ച.
ബംഗളൂരു ജീവൻഭീമ നഗറിലെ സർക്കാർ സ്കൂൾ വിദ്യാർഥിയാണ് മഹേഷ്. മല്ലേഷ് പാളയയിലെ കെട്ടിട നിർമാണ സ്ഥലത്തെ താൽക്കാലിക കൂരയിലേക്ക് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ തന്നെ നേരിട്ട് അഭിനന്ദിക്കാനെത്തിയപ്പോൾ മഹേഷിന് ഇരട്ടിസന്തോഷം.
ജീവിതഭാരവുമായി ബംഗളൂരുവിലെത്തുന്ന ഏതൊരു കുടിയേറ്റ തൊഴിലാളിയുടെയും മകനെ പോലെ ദാരിദ്ര്യം കുടിൽകെട്ടിയ വീട്ടിലിരുന്നാണ് മഹേഷും പഠിച്ചത്. പഠനത്തിൽനിന്ന് പിന്നോട്ടുവലിക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും ചിട്ടയോടെയും ഏകാഗ്രതയോടെയും മിന്നും ജയം സ്വന്തമാക്കിയ മഹേഷ് മറ്റുള്ള വിദ്യാർഥികൾക്ക് മികച്ച മാതൃകയാവുകയാണ്.
വടക്കൻ കർണാടകയിലെ യാദ്ഗിറിൽനിന്ന് ഉപജീവനമാർഗം തേടി ബംഗളൂരുവിലേക്ക് കുടിയേറിയതാണ് മഹേഷിെൻറ കുടുംബം. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചു. വീട്ടുവേലക്കാരിയായ അമ്മ മല്ലമ്മയും ടെംപോ ൈഡ്രവറായി ജോലിനോക്കുന്ന മൂത്ത സഹോദരനും എട്ടാം ക്ലാസ് വിദ്യാർഥിയായ അനിയനുമടങ്ങുന്നതാണ് കുടുംബം. കെട്ടിട നിർമാണ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റും ആസ്ബറ്റോസ് പാളികളും ചേർത്ത് തൽക്കാലം തട്ടിക്കൂട്ടിയ താമസസ്ഥലം.
ലോക്ക്ഡൗണിന് തൊട്ടുമുമ്പ് മൂത്ത സഹോദരൻ യാദ്ഗിറിലേക്ക് പോയതോടെ മഹേഷിെൻറ കുടുംബം ശരിക്കും വലഞ്ഞു. ലോക്ക്ഡൗൺ കാലത്ത് പണിയില്ലാതായ തങ്ങൾ പട്ടിണിയിൽനിന്ന് രക്ഷപ്പെട്ടത് ബി.ബി.എം.പി നൽകിയ സൗജന്യ റേഷൻ കിറ്റ് കൊണ്ടു മാത്രമായിരുന്നെന്ന് മഹേഷ് പറയുന്നു.
സ്കൂളിലെ സാഹചര്യവും വ്യത്യസ്തമല്ല. കന്നടക്കും ഹിന്ദിക്കും സ്ഥിരം അധ്യാപകർ പോലും ഇൗ സ്കൂളിലില്ല. മറ്റു ടീച്ചർമാരുടെ സഹായത്തോടെ വിദ്യാർഥികൾ സ്വന്തമായാണ് പല വിഷയങ്ങളും പഠിച്ചിരുന്നത്. പ്രയാസമുള്ള പാഠഭാഗങ്ങൾക്കാണ് താൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകിയത്. 90 ശതമാനം മാർക്കാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും മികച്ച ജയം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മഹേഷ് പറഞ്ഞു.
പി.യു.സിയിൽ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച് ഭാവിയിൽ അധ്യാപകനാവാനാണ് ആഗ്രഹമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് വ്യക്തമാക്കിയ മഹേഷ്, എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന അഭ്യർഥനയും മന്ത്രിക്ക് മുന്നിൽ വെച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.