എസ്.എസ്.എൽ.വി വിക്ഷേപ‍ണം: സിഗ്നൽ ലഭിക്കുന്നില്ലെന്ന് ഐ.എസ്.ആർ.ഒ

ചെന്നൈ: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡ1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകത്തിന്‍റെ വിക്ഷേപണ ശേഷം സാങ്കേതിക തകരാർ. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമാണെങ്കിലും ഒടുവിൽ ബന്ധം നഷ്ടമാകുകയായിരുന്നു. ഉപഗ്രഹങ്ങളിൽനിന്ന് സിഗ്നൽ ലഭിക്കുന്നില്ലെന്ന് ഐ.എസ്.ആർ.ഒ ട്വിറ്ററിൽ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് വരുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടം കൃത്യമായിരുന്നു. ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ. ഇത് ഞായറാഴ്ച പുലർച്ചെ 2.26നാണ് ആരംഭിച്ചത്.

137 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-02, 'സ്​പേസ് കിഡ്സ് ഇന്ത്യ' വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം 'ആസാദിസാറ്റ്' എന്നിവയാണ് ഡ1 മിഷനിൽ ഇന്ത്യൻ സ്​പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) വിക്ഷേപിച്ചത്.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കുശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിർമിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. 10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 500 കിലോമീറ്റർ ​താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും.

Tags:    
News Summary - SSLV Launch ISRO Says No Signal receiving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.