ചെന്നൈ: ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ ചെന്നൈയിൽ നടന്ന ശതവാർഷികാഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. ‘വൈക്കം വീരർ’ എന്നറിയപ്പെടുന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്കറുടെ ശവകുടീരത്തിൽ ഇരുവരും ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്തിന്റെ നിര്യാണത്തെ തുടർന്ന് ശതവാർഷികാഘോഷം ചടങ്ങുകൾ മാത്രമാക്കി കുറച്ചിരുന്നു. രാജ്യചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണ് വൈക്കം സത്യഗ്രഹമെന്ന് പിണറായി വിജയൻ പറഞ്ഞു.
മതപരമായും പ്രാദേശികമായും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യപ്പെടുന്നു. ചില ഗവർണർമാർ ജുഡീഷ്യറിയുടെ അധികാരം കൈയേറിയെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹത്തിൽ പെരിയാറിന്റെ പങ്ക് മഹത്തരമായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തൊട്ടുകൂടായ്മക്കും ജാതി അസമത്വത്തിനുമെതിരായ യുദ്ധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ആൺ-പെൺ വിവേചനം ഇല്ലാതാക്കണം.
സാമൂഹിക പരിഷ്കർത്താക്കൾ കാണിച്ചുതന്ന പാതയിൽ സമത്വസമൂഹം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡർ കഴകം പ്രസിഡന്റ് കെ. വീരമണിയും തമിഴ്നാട് മന്ത്രിമാരും പങ്കെടുത്തു. പെരിയാറിനെയും വൈക്കം സത്യഗ്രഹത്തെയും കുറിച്ച പുസ്തക പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.