ചെന്നൈ: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാഷ്ട്രീയ പോരാട്ടത്തിന് ത്രാണിയില്ലാത്ത ബി.ജെ.പി നടത്തുന്ന പിൻവാതിൽ ഭീഷണിയുടെ തന്ത്രങ്ങൾ വിലപ്പോവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണ് കാണുന്നത്. റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതം മാത്രമല്ല, സഹകരണ ഫെഡറലിസത്തിന് അപമാനമാണ് -അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയും സഹോദരന്റെ വീടും അടക്കമുള്ള 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. ബാലാജിയുടെ ഓഡിറ്ററെ കുറിച്ചും ബന്ധുക്കളെ കുറിച്ചും ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്.
ഇ.ഡി റെയ്ഡിനെത്തിയപ്പോൾ മന്ത്രി പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. വിവരമറിഞ്ഞയുടൻ ടാക്സി വിളിച്ച് വീട്ടിലെത്തി. ''എന്താണ് അവർ അന്വേഷിക്കുന്നതെന്ന് മനസിലായില്ല. എന്നാൽ അവരുടെ അന്വേഷണം തടസ്സപ്പെടുത്തിയില്ല. എല്ലാവിധത്തിലും സഹകരിച്ചു.''-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ച മുമ്പ് ബാലാജിയുമായി ബന്ധപ്പെട്ട 40 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
സെന്തിൽ ബാലാജി 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. ഇതേ വിഷയത്തിൽ ഇ.ഡി മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസുകളെന്ന് സെന്തിൽ ബാലാജി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.