ന്യൂഡൽഹി: രാജ്യദ്രോഹക്കേസ് ചുമത്തി ജയിലിൽ അടക്കപ്പെട്ട്, നരകയാതനക്കൊടുവിൽ മരിച്ച ഫാ. സ്റ്റാൻ സ്വാമി അടക്കമുള്ളവരെ കുടുക്കിയത് ആസൂത്രിതമായി നിർമിക്കപ്പെട്ട വ്യാജ തെളിവുകൾ വഴിയാണെന്ന കണ്ടെത്തലുകൾ ചർച്ചയാവുന്നു. ഇതേ കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ സുരേന്ദ്ര ഗാഡ്ലിങ്ങിെൻറ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ സ്ഥാപിച്ച വിവരം അമേരിക്കൻ ഫോറൻസിക് ഏജൻസിയാണ് കണ്ടെത്തിയത്. കേസിൽ ജയിലിൽ കഴിയുന്ന റോണ വിൽസെൻറ കമ്പ്യൂട്ടറിൽ ഇതു പോലെ 30 രേഖകൾ ഹാക്ക് ചെയ്ത് നിക്ഷേപിച്ചത് നേരത്തെ കണ്ടത്തിയിരുന്നു.
ഗാഡ്ലിങ്ങിെൻറ ഹാർഡ് ഡിസ്ക് പരിശോധിച്ചാണ്, ഇ-മെയിൽ വഴി കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് 14 രേഖകൾ അതിൽ കടത്തിയ കാര്യം യു.എസ് ഫോറൻസിക് ഏജൻസി ആഴ്സനൽ കൺസൾട്ടിങ് കണ്ടെത്തിയത്്. മാൽവെയർ (ഗൂഢ പ്രവൃത്തി ചെയ്യാനുള്ള സോഫ്റ്റ്വെയർ) ഉൾക്കൊള്ളുന്ന ഇ-മെയിൽ നിരന്തരമായി ഗാഡ്ലിങ്ങിന് അയക്കുകയായിരുന്നു. ഇതിൽ ഒരു മെയിൽ അദ്ദേഹം തുറന്നപ്പോൾ മാൽവെയർ ആക്ടിവ് ആയി കമ്പ്യൂട്ടറിൽ ഒരു രഹസ്യ ഫോൾഡർ സൃഷ്ടിച്ച് അതിൽ 14 രേഖകൾ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആഴ്സനൽ കണ്ടെത്തിയത്.
ഈ രേഖകൾ ആധാരമാക്കിയാണ് ഭീമ കൊറേഗാവിൽ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും മാവോവാദികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രിയെ അടക്കം ഇല്ലാതാക്കാൻ പദ്ധതിയിട്ടുവെന്നുമെല്ലാം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വാദിക്കുന്നത്. സ്റ്റാൻ സ്വാമി അടക്കമുള്ളവരുടെ കാര്യത്തിൽ ഇത്തരം കൃത്രിമം നടന്നിരിക്കാമെന്നും ആഴ്സനൽ റിപ്പോർട്ട് പറയുന്നുണ്ട്.
കൃത്രിമ തെളിവു നിർമിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾ ഇടപെട്ട ഏറ്റവും ഗൗരവതരമായ കേസുകളിെലാന്നാണ് ഇതെന്നായിരുന്നു ഈ കേസിൽ ആഴ്സനൽ അഭിപ്രായപ്പെട്ടത്. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ ഇതിൽ പ്രതികരിക്കാനില്ലെന്നാണ് എൻ.ഐ.എ വിഷയത്തിൽ പറഞ്ഞത്.
ഫാ. സ്റ്റാൻ സ്വാമിയുടേത് ഭരണകൂട കൊലപാതകമെന്ന് ആരോപിച്ച് ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾ നിരാഹാരമിരുന്ന് പ്രതിഷേധിച്ചു. സ്റ്റാൻ സ്വാമി കഴിഞ്ഞിരുന്ന തലോജ ജയിലിലുള്ള മലയാളി റോണ വിൽസൺ, അരുൺ ഫെരേര, വെർണോൻ ഗോൺസാൽവസ്, ഗൗതം നവലഖ, ആനന്ദ് തെൽതുംബ്ഡെ തുടങ്ങി പത്തോളം പേരാണ് ബുധനാഴ്ച നിരാഹാരമിരുന്നത്.
ഇവരുടെ ബന്ധുക്കളാണ് പ്രസ്താവനയിലൂടെ വിവരമറിയിച്ചത്. എൻ.െഎ.എയും മുൻ ജയിൽ സൂപ്രണ്ട് കൗസ്തുഭ് കുർലേക്കറുമാണ് സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച ആക്ടിവിസ്റ്റുകൾ ഇവർക്കെതിരെ കൊലപാതക കേസെടുക്കാനും ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.