ന്യൂഡൽഹി: സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകരെ ഭരണകൂടം അധിക്ഷേപിക്കുകയാണെന്ന് പ്രമുഖർ. ആർജവമുള്ള ശബ്ദങ്ങൾ അമർച്ചചെയ്യാനുള്ള ഭയാനക ശ്രമമാണ് ന്യൂസ് ക്ലിക് വെബ്സൈറ്റിനെതിരായ നടപടിയെന്ന് അവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ബുക്കർ പ്രൈസ് നേടിയ ഗീതാഞ്ജലി ശ്രീ, രമൺ മഗ്സസെ അവാർഡ് ജേതാക്കളായ പി. സായ്നാഥ്, അരുണ റോയ്, എഴുത്തുകാരായ കെ.ആർ. മീര, പെരുമാൾ മുരുകൻ, രാമചന്ദ്ര ഗുഹ, വി. ഗീത, സംഗീതജ്ഞൻ ടി.എം. കൃഷ്ണ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഡൽഹി പൊലീസ് നടപടിയെ അപലപിച്ചത്.
ന്യൂസ് ക്ലികുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും എഡിറ്റർ അടക്കമുള്ളവർക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തത് അങ്ങേയറ്റം നടുക്കവും ഉത്കണ്ഠയും ഉളവാക്കുന്ന സംഭവമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ വിമർശനം ആവശ്യമാണ്. അത് നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വികാരത്തെ മുറിപ്പെടുത്തുന്നതാണ്. കുറ്റത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കാതിരിക്കുന്നതും തൊഴിലുപകരണങ്ങൾ പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.