മുംബൈ: പുതിയ ഹജ്ജ് നയത്തിൽ അഭിപ്രായംതേടി സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളുടെ യോഗം തിങ്കളാഴ്ച മുംബൈയിൽ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങളും എതിർപ്പുകളും കേന്ദ്ര ന്യൂനപക്ഷ, വിദേശകാര്യ ഉന്നത ഉദ്യോഗസ്ഥരുടെ പുനരവലോകന യോഗത്തിൽ സമർപ്പിക്കും. അടുത്ത അഞ്ചിനാണ് പുനരവലോകന യോഗം. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പങ്കെടുത്തേക്കും. തുടർന്ന് ഹജ്ജ് നയത്തിെൻറ അന്തിമരൂപം സുപ്രീംകോടതിയിൽ സമർപ്പിക്കും.
മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുതിയ നയത്തിനുള്ള ശിപാർശകൾ കേന്ദ്ര സർക്കാറിന് സമർപ്പിച്ചത്. സർക്കാർ ക്വോട്ട 70 ശതമാനമായി കുറച്ച് സ്വകാര്യ ഹജ്ജ് ടൂർ ഒാപറേറ്റർമാരുടെത് 30 ശതമാനമായി വർധിപ്പിക്കുക, എംബാർക്കേഷൻ കേന്ദ്രങ്ങൾ 21ൽനിന്ന് ഒമ്പതായി കുറക്കുക, 70 വയസ്സ് കഴിഞ്ഞവർക്കും മുമ്പ് അവസരം ലഭിക്കാതെ നാലാംതവണ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണം നിർത്തലാക്കുക തുടങ്ങിയവയാണ് പ്രധാന ശിപാർശകൾ.
സർക്കാർ ക്വോട്ട വെട്ടിച്ചുരുക്കാനുള്ള നിർദേശത്തെ എതിർക്കുമെന്നും സർക്കാർ, സ്വകാര്യ ക്വോട്ട 80:20 അനുപാതത്തിലാക്കാൻ ആവശ്യപ്പെടുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി യോഗത്തിലും മുസ്ലിം സംഘടന നേതാക്കളുടെ യോഗത്തിലും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
എംബാർക്കേഷൻ കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കരുത്, കോഴിക്കോട്ട് തുടർന്നും എംബാർക്കേഷൻ കേന്ദ്രം അനുവദിക്കണം, 70 വയസ്സ് കഴിഞ്ഞവർക്കും നാലാം തവണ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണം തുടരുക തുടങ്ങിയ ആവശ്യങ്ങൾ കേരളം മുന്നോട്ടുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.