ന്യൂഡൽഹി: കോവിഡും തുടർന്നുണ്ടായ പ്രതിസന്ധിയും മറികടക്കാൻ ആത്നിർഭർഭാരത് 3.0 എന്ന പേരിൽ പുതിയ പാക്കേജുമായി കേന്ദ്രസർക്കാർ. 2.65 ലക്ഷം കോടിയുടെ പദ്ധതികളാവും പാക്കേജിന് കീഴിൽ നടത്തുക. ധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.
അത്മനിർഭർ റോസ്ഗർ യോജനയെന്നായിരിക്കും തൊഴിലാളികൾക്കും കമ്പനി ഉടമകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയുടെ പേര്. ഒക്ടോബർ ഒന്ന് മുതൽ രണ്ട് വർഷത്തേക്കായിരിക്കും പദ്ധതിയുടെ കാലാവധി. ഇതു പ്രകാരം 1000ത്തിൽ താഴെ ജീവനക്കാരുള്ള കമ്പനികളിൽ പുതുതായി ജോലിക്കെത്തുന്നവരുടെ പി.എഫ് വിഹിതം രണ്ട് വർഷത്തേക്ക് കേന്ദ്രം വഹിക്കും. തൊഴിലാളികളുടെ 12 ശതമാനവും കമ്പനിയുടെ 12 ശതമാനവും ചേർത്ത് 24 ശതമാനം വിഹതമായിരിക്കും കേന്ദ്രസർക്കാർ നൽകുക. 1,000ത്തിൽ കൂടുതൽ ജീവനക്കാരുളള കമ്പനികളിൽ ജീവനക്കാരുടെ 12 ശതമാനം വിഹിതം മാത്രം കേന്ദ്രസർക്കാർ വഹിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു. 15,000 രൂപയിൽ താഴെ ശമ്പളമുള്ള ജീവനക്കാരുടെ പി.എഫ് വിഹതമായിരിക്കും കേന്ദ്രസർക്കാർ നൽകുക.
3 ലക്ഷം കോടിയുടെ അടിയന്തര വായ്പ പദ്ധതി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു. ഇതിന് പുറമേ 26ഓളം സെക്ടറുകൾക്ക് ഗുണകരമാവുന്ന ഉൽപാദ ഇൻസെൻറീവ് പദ്ധതിക്കായി 1.46 ലക്ഷം കോടി മാറ്റിവെച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ പ്രഖ്യാപനം അവർ നടത്തിയിരുന്നു.
ഹൗസിങ് ആൻഡ് റിയൽ എസ്റ്റേറ്റ് സെക്ടറിനായി 18,000 കോടി രൂപ അധികമായി നൽകും. നികുതി ഇളവുകളും മേഖലയിൽ അനുവദിക്കും. ടെൻഡറുകൾക്ക് ഇ.എം.ഡി ഇളവ് നൽകും. നാഷണൽ ഇൻവെസ്റ്റ്മെൻറ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ കേന്ദ്രസർക്കാർ 6,000 കോടി നിക്ഷേപിക്കും. 1,10,000 കോടിയായിരിക്കും എൻ.ഐ.ഐ.എഫിയിൽ ആകെ സ്വരൂപിക്കുക. ബാക്കി തുക സ്വകാര്യ നിക്ഷേപകരിൽ നിന്നും കണ്ടെത്തും. 2025നകം ലക്ഷ്യം പൂർത്തികരിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
കർഷകർക്ക് 65,000 കോടിയുടെ രാസവള സബ്സിഡി അനുവദിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗർ യോജനക്കായി 10,000 കോടി നൽകും. കയറ്റുമതി പ്രോൽസാഹിപ്പിക്കാനായി പ്രത്യേക സഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വാക്സിൻ ഗവേഷണത്തിനായി 900 കോടി നൽകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.