ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റുകൾ തെരഞ്ഞെടുക്കുന്നതിന് അധികതുക ഈടാക്കുന്നത് അവസാനിപ്പിച്ച് എല്ലാ സീറ്റുകൾക്കും ഒരേതുക ഈടാക്കണമെന്ന് ഗതാഗത, വിനോദ സഞ്ചാര, സംസ്ക്കാരിക വകുപ്പുകൾക്കുള്ള പാർലമെന്ററി സമിതി ശിപാർശ ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകിയ മറുപടി അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ സമിതി സീറ്റുകൾ തെരഞ്ഞെടുക്കുന്നിടത്ത് വ്യത്യസ്ത നിരക്കുകൾ ഏർപ്പെടുത്തുന്നത് അന്യായവും നീതീകരിക്കാനാകാത്തതുമാണെന്നും തിങ്കളാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വ്യേമ മാർഗമുള്ള സഞ്ചാരം യാത്രക്കാരനും വിമാനക്കമ്പനിയും തമ്മിലുള്ള കരാറാണെന്നും അതു വാണിജ്യസ്വഭാവത്തിലുള്ളതാണെന്നുമുള്ള മന്ത്രാലയത്തിന്റെ മറുപടി സമിതി തള്ളിക്കളഞ്ഞു.
സമീപ ഭാവിയിൽ വർഷം തോറും 1000 പൈലറ്റുമാരെ രാജ്യത്ത് ആവശ്യമായി വരുമെന്നും അതിനു സാധിക്കുന്ന വിധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിമാനം പറത്തൽ പരിശീലന സ്ഥാപനങ്ങൾക്ക്(എഫ്.ടി.ഒ) അനുമതി നൽകണമെന്നും സമിതി ശിപാർശ ചെയ്തു. രാജ്യത്ത് എയർ ട്രാഫിക് കൺട്രോളർ(എ.ടി.സി)മാരുടെ 708 ഒഴിവുകൾ നികത്തിയിട്ടില്ല. 2017 മുതൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നുമില്ല. അതിനും വ്യോമയാന മന്ത്രാലയം നടപടി എടുക്കണം.
രാജ്യം ഇനിയും ഒരു സീപ്ലെയിൻ നയം ഉണ്ടാക്കിയിട്ടില്ലെന്നും തുടങ്ങിയ ഏക സീപ്ലെയിൻ നിർത്തിയെന്നും സമിതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ 10 വർഷത്തിനകംതന്നെ പരമാവധി ശേഷിയിൽ എത്തിയതിനാൽ പുതിയവ 40 വർഷത്തേക്ക് കണക്കാക്കി നിർമിക്കണം. ഡ്രോണുകളുടെയും അനുബന്ധ സാമഗ്രികളുടെയും നിർമാണത്തിന് സ്റ്റാർട്ടപ്പുകൾ തുടങ്ങുക, ഹെലികോപ്ടർ യാത്രകൾക്ക് സൗകര്യമൊരുക്കാൻ എല്ലാ ജില്ലകളിലും ഹെലിപാഡ് തുടങ്ങുക എന്നീ ശിപാർശകളും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.