ചെന്നൈ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗജന്യങ്ങളുടെ വൻ വാഗ്ദാനങ്ങൾ നൽകുന്ന സംസ്കാരം ഒഴിവാക്കൂവെന്ന് രാഷ്ട്രീയ പാർട്ടികളോട് മദ്രാസ് ഹൈകോടതി. പകരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂവെന്നും കോടതി നിർദേശിച്ചു.
ജനകീയമായ വാഗ്ദാനങ്ങൾ നൽകിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ നൽകുമെന്ന് പറയുമ്പോൾ, അടുത്ത പാർട്ടി മാസംതോറും 1500 രൂപ നൽകാമെന്ന വാഗ്ദാനവുമായി വരുന്നു. ഇതിങ്ങനെ തുടരുകയാണ്. ഇതോടെ സൗജന്യങ്ങൾ കൊണ്ട് മുന്നോട്ടുപോകാമെന്ന മനോഭാവം ജനങ്ങളിൽ വളർന്നുവരികയാണെന്നും ജസ്റ്റിസ് എൻ. കിരുഭാകരൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
നിർഭാഗ്യവശാൽ, വികസനത്തെ കുറിച്ചോ, കാർഷിക മുന്നോറ്റത്തെ കുറിച്ചോ തൊഴിലവസരത്തെ കുറിച്ചോ അല്ല വാഗ്ദാനങ്ങൾ. മാന്ത്രിക വാഗ്ദാനങ്ങളിൽപ്പെട്ടാണ് ജനം വോട്ട് ചെയ്യേണ്ടത്. ഇത് പതിറ്റാണ്ടുകളായി അഞ്ച് വർഷത്തിലൊരിക്കൽ ആവർത്തിക്കുന്നു. വാഗ്ദാനങ്ങൾ വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുന്നു -കോടതി നിരീക്ഷിച്ചു.
സംവരണ മണ്ഡലമായ വസുദേവനെല്ലൂരിനെ ജനറൽ മണ്ഡലമായി മാറ്റണമെന്നാവശ്യപ്പെട്ട് എം. ചന്ദ്രമോഹൻ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.