ഇർഫാന്റെ അറസ്റ്റിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്: ‘മാധ്യമപ്രവർത്തകർക്കെതിരെ യു.എ.പി.എ ഉപയോഗിക്കുന്നതിൽ ആശങ്ക’

ന്യൂഡൽഹി: കരിനിയമമായ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. ജനാധിപത്യ മൂല്യങ്ങൾ മാനിക്കണമെന്നും ദേശീയ സുരക്ഷയുടെ പേരുപറഞ്ഞ് മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

‘മാധ്യമപ്രവർത്തകർക്കെതിരെ യുഎപിഎ അമിതമായി ഉപയോഗിക്കുന്നതിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. ഏറ്റവും ഒടുവിൽ കാശ്മീർ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകനായ ഇർഫാൻ മെഹ്‌രാജിനെ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ മാനിക്കണമെന്ന് ഭരണകൂടത്തോട് അഭ്യർത്ഥിക്കുകയാണ്’ -ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

വാൻഡേ മാസികയുടെ സ്ഥാപക എഡിറ്ററായ ഇർഫാൻ മെഹ്ജൂർ നഗർ സ്വദേശിയാണ്. മാർച്ച് 20 ന് ഉച്ചക്ക് ശേഷം ഇർഫാൻ മെഹ്‌രാജിനെ അന്വേഷണ ഉദ്യോഗസ്ഥൻ മൊബൈലിൽ വിളിച്ച് ശ്രീനഗറിലെ എൻഐഎ ഓഫീസിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഡൽഹിയിലേക്ക് മാറ്റുകയും ചെയ്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തത്.

എൻ.ഐ.എ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നമ്പർ ആർസി-37/2020 എന്ന കേസുമായി ബന്ധപ്പെട്ടാണ് മെഹ്‌രാജിനെ അറസ്റ്റ് ചെയ്തത്. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി എൻ.ജി.ഒകൾ ഹവാല ചാനൽ വഴി ജമ്മു കശ്മീരിലേക്ക് പണം കൈമാറ്റം ചെയ്തുവെന്നാണ് കേസ്. എൻ.ജി.ഒകളും ട്രസ്റ്റുകളും സൊസൈറ്റികളും ജീവകാരുണ്യത്തിന്‍റെയും പൊതുജനങ്ങൾക്കുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെയും പേരിൽ സ്വദേശത്തും വിദേശത്തും നിന്നും പണം ശേഖരിക്കുന്നുവെന്നാണ് എൻ.ഐ.എയുടെ ആരോപണം.

2015ൽ പത്രപ്രവർത്തകനായി ജോലി ആരംഭിച്ച ഇർഫാൻ രാഷ്ട്രീയ, മനുഷ്യാവകാശ വിഷയങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നുള്ള കാശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്.

“കശ്മീരിൽ മാധ്യമപ്രവർത്തകരെ​ വേട്ടയാടുന്ന പ്രവണതയു​ടെ തുടർച്ചയാണ് ഇർഫാൻ മെഹ്‌രാജിന്റെ അറസ്റ്റ്. സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയാണ്. മാധ്യമപ്രവർത്തകരായ ആസിഫ് സുൽത്താൻ, സജാദ് ഗുൽ, ഫഹദ് ഷാ എന്നിവർ ഇതിന്റെ ഉദാഹരണം. കശ്മീരിൽ മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഇടം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങളെ മാനിക്കണമെന്നും ദേശീയ സുരക്ഷയുടെ പേരിൽ മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു’ - എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Stop harassment of journalists in name of national security: EGI on Irfan Mehraj’s arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.