ലഖ്നോ: ഉത്തർപ്രദേശിലെ ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റർ നോയിഡയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്ന് കാൽനടയായി പോകുന്നതിനിടെയാണ് സംഭവം. രാഹുലും പ്രിയങ്ക പ്രവര്‍ത്തകരോടൊപ്പം ഏറെ ദൂരം നടന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
അതിർത്തിയിൽ വെച്ചാണ് ഉത്തർപ്രദേശ് പൊലീസ് രാഹുലിെൻറയും പ്രിയങ്കയുടെയും വാഹനം തടഞ്ഞത്. തുടർന്ന് പൊലീസ് ലാത്തി വീശുകയും രാഹുലിനെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇത് സംഘർഷത്തിനിടയാക്കി. ലാത്തിചാർജിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഹഥ്രസിൽ നിന്ന് 142 കിലോമീറ്റർ അകലെ വെച്ചാണ് യു.പി പൊലീസ് കോൺഗ്രസ് നേതാക്കളുടെ വാഹനം തടഞ്ഞത്. പൊലീസ് തടഞ്ഞതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും അംഗരക്ഷകർക്കുമൊപ്പം യമുന എക്സ്പ്രസ് ഹൈവേയിലൂടെ നടക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് കൂടൂതൽ പൊലീസുകാരെ വിന്യസിക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതൽ പെൺകുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പൊലീസ് വഴിതടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. കിലോമീറ്ററുകൾ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പൊലീസ് തടയുന്ന അവസ്ഥയാണ്. ജില്ലാ കലക്ടർ സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ വഴി തടയൽ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.