ബംഗളൂരു: ഒരു വശത്ത് സീറ്റിനെ ചൊല്ലി തർക്കംതീരാതെ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ കുടുംബം. മറുവശത്ത് സിറ്റിങ് എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ പ്രതിസന്ധിക്കയത്തിലാണ് മുഖ്യ പ്രാദേശിക പാർട്ടിയായ ജെ.ഡി-എസ്.
ദേവഗൗഡയുടെ മൂത്തമകൻ എച്ച്.ഡി. രേവണ്ണയുടെ കുടുംബമാണ് സീറ്റിനെ ചൊല്ലി പരസ്യവെല്ലുവിളിയുമായി രംഗത്തുള്ളത്. രേവണ്ണയുടെ ഭാര്യ ഭവാനി ക്ക് ഹാസൻ സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. ഇതംഗീകരിക്കില്ലെന്ന് പാർട്ടി നിയമസഭ കക്ഷി നേതാവും ദേവഗൗഡയുടെ രണ്ടാമത്തെ മകനുമായ എച്ച്.ഡി. കുമാരസ്വാമി പരസ്യമായി വ്യക്തമാക്കിയതോടെ തീരുമാനം ദേവഗൗഡക്ക് വിട്ടു.
സീറ്റ് ഇത്തവണ ഗൗഡ കുടുംബത്തിന് പുറത്ത് നൽകാൻ തീരുമാനിച്ചെന്നാണ് കുമാരസ്വാമിയുടെ നിലപാട്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഭവാനിയെ സ്വതന്ത്രയായി മത്സരിപ്പിക്കുമെന്നും സിറ്റിങ് സീറ്റായ ഹൊളെനരസിപുരിൽ താനും സ്വതന്ത്രനായി മത്സരിക്കുമെന്നാണ് രേവണ്ണയുടെ ഭീഷണി.
ഹാസനിൽ ഭവാനി സ്വതന്ത്രയായി മത്സരിച്ചാൽ തങ്ങൾ സ്ഥാനാർഥിയെ നിർത്തില്ലെന്ന് കോൺഗ്രസും രേവണ്ണയുമായി രഹസ്യധാരണയുണ്ട്.കഴിഞ്ഞ തവണ ബി.ജെ.പിക്കായിരുന്നു ജയം. ഹാസൻ സീറ്റിൽ തീരുമാനമാകാത്തതിനെ തുടർന്ന് ജെ.ഡി-എസിന്റെ രണ്ടാം പട്ടിക പ്രഖ്യാപനവും വൈകുകയാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എച്ച്.ഡി. രേവണ്ണയുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ മകൻ പ്രജ്ജ്വൽ രേവണ്ണക്കായി ദേവഗൗഡ ഹാസൻ സീറ്റ് ഒഴിഞ്ഞ് തുമകുരുവിൽ മത്സരിച്ചിരുന്നു. പ്രജ്ജ്വൽ ജയിച്ചെങ്കിലും ദേവഗൗഡ തോറ്റത് പാർട്ടിക്ക് ക്ഷീണമായി. കുമാരസ്വാമിയും മകൻ നിഖിൽ ഗൗഡയും ഇത്തവണ സീറ്റുറപ്പിച്ചിട്ടുണ്ട്.
ഭാര്യ അനിതയുടെ സിറ്റിങ് മണ്ഡലമായ രാമനഗരയിൽ നിഖിൽ ഗൗഡയും സമീപ മണ്ഡലമായ ചന്നപട്ടണയിൽ കുമാരസ്വാമിയും മത്സരിക്കും. അതേസമയം, ജെ.ഡി-എസിന്റെ ശക്തികേന്ദ്രമായ ഹാസനിൽനിന്നടക്കം പാർട്ടിനേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
സിറ്റിങ് എം.എൽ.എമാരായ കെ.എൽ. ശിവലിംഗ ഗൗഡ, എസ്.ആർ. ശ്രീനിവാസ്, കെ. ശ്രീനിവാസ് ഗൗഡ എന്നിവർ കോൺഗ്രസിലേക്കും എ.ടി. രാമസ്വാമി ബി.ജെ.പിയിലേക്കും മുൻ എം.എൽ.എമാരായ മധു ബംഗാരപ്പ, വൈ.എസ്.വി. ദത്ത എന്നിവർ കോൺഗ്രസിലേക്കും ചേക്കേറി. നിഖിൽ ഗൗഡ മത്സരിക്കുന്ന രാമനഗരയിൽ ജെ.ഡി-എസിന്റെ ജില്ല പ്രസിഡന്റ് എച്ച്.എസ്. യോഗാനന്ദ അടക്കം നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രാജണ്ണ ബി.ജെ.പിയിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.