ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങളുടെ പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പരിശീലകനും റഫറിയും ഉൾപ്പെടെ നിരവധി സാക്ഷികൾ പൊലീസിന് മൊഴിനൽകിയതായി റിപ്പോർട്ട്. ഒളിമ്പ്യൻ, കോമൺവെൽത്ത് സ്വർണമെഡൽ ജേതാവ്, രാജ്യാന്തര റഫറി, സംസ്ഥാന തല ഗുസ്തി പരിശീലകൻ ഉൾപ്പെടെ 125 സാക്ഷികളാണ് നിലവിൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയതായി സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഒരു ഗുസ്തി താരം വിവരം തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതായി പരിശീലകൻ നൽകിയ മൊഴിയിൽ പറയുന്നു.
ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയതായി ഇരകൾ തങ്ങളെ അറിയിച്ചതായി കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവും ഒളിമ്പ്യനും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഗുസ്തിക്കാർക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തനിക്കറിയാമെന്ന് ദേശീയ, രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന റഫറിയും മൊഴി നൽകി. ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച ബോക്സർ മേരി കോം അധ്യക്ഷനായ മേൽനോട്ട സമിതിയുടെ റിപ്പോർട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ, ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തുന്നതായി 2021 ആഗസ്റ്റിൽ ഗുസ്തി താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നതായും നടപടി സീകരിക്കുമെന്ന് അന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നതായും ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് രജിസ്റ്റർ എഫ്.ഐ.ആറിൽ പറയുന്നു. ഇതിന്റെ പകർപ്പ് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.