കർഷക സമരം വിജയപതാക ചൂടുന്നത് രോഗവും മരണവും കൊടും ശൈത്യവും കോവിഡ് മഹാമാരിയും ടൂൾകിറ്റ് കേസും അധികാരികളുടെ ധാർഷ്ട്യവും അടക്കമുള്ള പ്രതിബന്ധങ്ങൾ മറികടന്ന്. കേസും അറസ്റ്റും ലാത്തിച്ചാർജും ബാരിക്കേഡും വെടിവെപ്പും ആക്രമണങ്ങളും നെഞ്ചുംവിരിച്ച് നേരിട്ട് തല്ലിയാലും കൊന്നാലും പോവില്ലെന്ന ഉറപ്പുമായി കർഷകർ ഒന്നടങ്കം തെരുവിൽ അണിനിരന്നപ്പോൾ ബി.ജെ.പി സർക്കാറിനു വേറെ വഴിയില്ലാതായി. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമില്ലാതെ സമരം വിജയം കണ്ടു.
ഭിന്നിപ്പിക്കൽ
സമരം ചെയ്യുന്ന സംഘടനകള്‍ക്കുള്ളില്‍ ഭിന്നത ഉടലെടുത്തെങ്കിലും പ്രതിഷേധച്ചൂട് കുറഞ്ഞില്ല. പഞ്ചാബിലെ സിഖുകാരുടേതു മാത്രമായി സമരത്തെ ഒതുക്കാൻ ബി.ജെ.പി ആദ്യം ശ്രമിച്ചു. സമരം നടത്തുന്ന സംഘടനകളെ പിളര്‍ത്താനായി ഉന്നയിച്ച ഖലിസ്ഥാനികള്‍ എന്ന ആരോപണം വിവാദവുമായി. ഖലിസ്ഥാന്‍ പിന്തുണയും െഗ്രറ്റ തുൻബർഗിെൻറ ടൂള്‍കിറ്റും ഉള്‍പ്പെടെ പരാമര്‍ശിച്ച് കര്‍ഷക സമരത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമവും നടന്നു. താങ്ങുവില, തര്‍ക്ക പരിഹാര സംവിധാനം തുടങ്ങിയവക്കുള്ള ഉറപ്പുകള്‍ എഴുതിനല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞതും സമരനേതൃത്വത്തില്‍ ഭിന്നതവരുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, സംഘടനകള്‍ നിലപാടിൽ ഉറച്ചുനിന്നു.
ആക്രമണവും വെടിവെപ്പും
രോഗങ്ങൾ അടക്കമുള്ളവയാൽ 700 ലധികം കർഷകർക്ക് ജീവൻ നഷ്ടമായിട്ടും അവർ പോരാട്ടം നിർത്തിയില്ല. ബസ്താര ടോൾ പ്ലാസയുടെ സമീപം നടന്ന അതിക്രമത്തിൽ ഒരാൾ മരിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെ കർഷകരും പൊലീസും ഏറ്റുമുട്ടുകയും ഒരു സമരക്കാരൻ മരിക്കുകയും ചെയ്തു. യു.പിയിലെ ലഖിംപുരിൽ ഒക്ടോബറിൽ സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്കുനേരെ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റി നാലു കർഷകരെ കൊല്ലുകയും അമ്പരന്ന് ഓടിയവരുടെ നേർക്ക് വെടിവെപ്പ് നടത്തിയിട്ടും കർഷകർ തെല്ലും പതറിയില്ല. കൈപ്പത്തി വെട്ടിമാറ്റിയ യുവാവിെൻറ മൃതദേഹം കർഷകരുടെ സമരപ്പന്തലിൽ കെട്ടിത്തൂക്കുക വരെ ചെയ്തു.
സിംഘുവിലെ സമരകേന്ദ്രത്തിലും നേരത്തെ വെടിവെപ്പുണ്ടായിരുന്നു. ഹരിയാനയിലെ ആംബാല ജില്ലയിൽ റാലിക്ക് നേരെ പൊലീസ് നരനായാട്ട് അരങ്ങേറി. ജലപീരങ്കി, ടിയർ ഗ്യാസ്, കണ്ണീർവാതക പ്രയോഗങ്ങളും നടന്നു. ഹരിയാനയിലെ കർണാലിൽ പ്രക്ഷോഭകർ പൊലീസിെൻറ ക്രൂരമായ ലാത്തിച്ചാർജിന് വിധേയമായി.
കൊടുംതണുപ്പ്
കഴിഞ്ഞവർഷം ഡിസംബർ 20ന് ഡൽഹിയിൽ 3.4 ഡിഗ്രി സെൽഷ്യസ് എന്ന ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് അനുഭവപ്പെട്ടിട്ടും അവരുടെ സമരവീര്യം ഉറഞ്ഞുകൂടിയില്ല. സ്ത്രീകളും കുട്ടികളും വയോധികരും കൊടുംതണുപ്പിനെ വകവെക്കാതെ ഡൽഹിയിലേക്ക് ഒഴുകി. തണുത്തുറഞ്ഞ് ദേശീയ പാതയോരത്തെ ടെൻറുകളിലും ട്രാക്ടറുകളിലും ഇരുന്ന് മുദ്രാവാക്യം മുഴക്കി.
വ്യാജ വാർത്തകളും ടൂൾകിറ്റും
സോഷ്യൽ മീഡിയകളെയും സർക്കാർ അനുകൂല മാധ്യമങ്ങളെയും ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കാനും ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. വ്യാജവാർത്തകളുടെ പ്രചാരകർ തന്നെ അവ പിൻവലിച്ചു. കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ടൂൾകിറ്റ് സൃഷ്ടിച്ചവർക്കെതിരെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബര്ഗിെൻറ ടൂള്‍കിറ്റ് ഡോക്യുമെൻറ് പങ്കിട്ടെന്നാരോപിച്ച് യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിശ രവിയെ ഡൽഹി പൊലീസ് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തത്.
നായകർ ഇവർ
രാകേശ് ടികായത്
കർഷക സമരത്തിെൻറ മുഖമായി അറിയപ്പെടുന്ന രാകേശ് ടികായത്, ഭാരതീയ കിസാൻ യൂനിയെൻറ (ബി.കെ.യു) അനിഷേധ്യ നേതാവാണ്. ജ്യേഷ്ഠൻ നരേശ് ടികായത് ബി.കെ.യു പ്രസിഡൻറും രാകേശ് ദേശീയ വക്താവുമാണെങ്കിലും കടിഞ്ഞാൺ 52കാരനായ രാകേശിെൻറ കൈയിലാണ്. ഇദ്ദേഹത്തിെൻറ അംഗീകാരമില്ലാതെ സുപ്രധാന തീരുമാനങ്ങളൊന്നും നരേശ് എടുക്കാറില്ല. ബി.കെ.യു സ്ഥാപകനായ പിതാവ് മഹേന്ദ്ര സിങ് ടികായത്തിെൻറ മരണ ശേഷമാണ് മൂത്ത മകൻ നരേശ് അധ്യക്ഷ പദമേറ്റത്. എൽ.എൽ.ബി, എം.എ ബിരുദധാരിയായ രാകേശ്, 1985 മുതൽ 1993 വരെ ഡൽഹി പൊലീസ് കോൺസ്റ്റബിളായിരുന്നു. 2014ൽ ആർ.എൽ.ഡി ടിക്കറ്റിൽ ലോക്സഭയിലേക്കും അതിനുമുമ്പ് 2007ൽ യു.പി നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പടിഞ്ഞാറൻ യു.പിയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇദ്ദേഹം കർഷക സമരത്തിലൂടെയാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. റിപ്പബ്ലിക്ദിന സംഘർഷത്തെത്തുടർന്ന് ഗാസിയാബാദ് അതിർത്തിയിൽ യു.പി ഗേറ്റിന് സമീപത്തെ സമരപ്പന്തൽ നീക്കം ചെയ്യാൻ വൻ പൊലീസ് സന്നാഹമെത്തിയ സന്ദർഭത്തിൽ നടത്തിയ വൈകാരിക പ്രഖ്യാപനവും അതുവഴി സമരത്തിന് ലഭിച്ച ഊർജവുമാണ് അദ്ദേഹത്തെ സമരത്തിെൻറ മുഖമാക്കി മാറ്റിയത്. 'ഒഴിപ്പിക്കാൻ ശ്രമിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നും ബി.ജെ.പി ഈ സമരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇത് അവസാനിക്കില്ലെന്നും ഈ കർഷകരുെട ഉത്തരവാദിത്തം താൻ ഏറ്റെടുത്തിരിക്കുന്നുവെന്നു'മുള്ള ടികായത്തിെൻറ പ്രഖ്യാപനം തെൻറ തട്ടകമായ മുസഫർ നഗർ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ യു.പിൽ അലയടിച്ചു. ഉടൻ ആയിരക്കണക്കിന് കർഷകരാണ് പൊലീസിനെ നേരിടാൻ സമരപ്പന്തലിലെത്തിയത്. ഗത്യന്തരമില്ലാതെ അധികൃതർക്ക് പിൻവാങ്ങേണ്ടി വന്നതോടെ രാകേശ് സമര ഹീറോയായി.
ദർശൻ പാൽ
അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തക സമിതി അംഗമായ ദർശൻ പാൽ എം.ബി.ബി.എസ് ഡോക്ടറാണ്. 70 കാരനായ ഇദ്ദേഹം കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതാക്കളുമായുള്ള ചർച്ചകളിലെ സജീവ പങ്കാളിയാണ്. കർഷക സംഘടനകളെ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കാളിത്തം വഹിച്ചു. പഞ്ചാബിൽ നിന്നുള്ള കർഷകരിൽ മാത്രം പരിമിതമായിരുന്ന സമരത്തിൽ യു.പി, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകരെ കൂടി പങ്കാളികളാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു.
ജോഗീന്ദർ സിങ് ഉഗ്രഹാൻ
ഭാരതീയ കിസാൻ യൂനിയൻ (ഏക്ത ഉഗ്രഹാൻ) പ്രസിഡൻറും മുൻ സൈനികനുമായ ജോഗീന്ദർ സിങ് ഉഗ്രഹാൻ, പഞ്ചാബിലെ സുനമിൽ നിന്നുള്ള പ്രമുഖ കാർഷിക കുടുംബാംഗമാണ്. ട്രെയിൻ തടയൽ, ബി.ജെ.പി നേതാക്കളെ ഘെരാവോ ചെയ്യൽ തുടങ്ങി പഞ്ചാബിൽ നടന്ന ശക്തമായ സമരരീതികൾക്ക് പിറകിൽ ഇദ്ദേഹത്തിെൻറ സംഘമായിരുന്നു. ഭൂരിഭാഗം കർഷക സംഘടനകളും സിംഘു അതിർത്തിയിൽ സമരം നടത്തിയപ്പോൾ ഇദ്ദേഹത്തിെൻറ സംഘം ഒറ്റക്കാണ് തിക്രി അതിർത്തിയിൽ സമരം നയിച്ചത്.
ബൽബീർ സിങ് രാജെവാൾ
സർക്കാറുമായി സംയുക്ത കർഷകസമിതി നടത്തിയ ചർച്ചയിൽ ഉന്നയിച്ച 'മിനിമം താങ്ങുവില' ഉൾപ്പെടെയുള്ള കർഷകരുടെ അഞ്ചിന നിർദേശങ്ങൾക്ക് പിറകിലെ ബുദ്ധികേന്ദ്രമാണ് 78കാരനായ ബൽബീർ സിങ് രാജെവാൾ. കർഷകരുടെ കാഴ്ചപ്പാട് ആസൂത്രണ മികവോടെ കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചതും ഇദ്ദേഹമാണ്.
ഹന്നാൻ മുല്ല
സി.പി.എം പി.ബി അംഗവും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയുമാണ് 75കാരനായ ഹന്നാൻ മുല്ല. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് സമരത്തിലുടനീളം ആവശ്യപ്പെട്ട അദ്ദേഹം, നിയമം പാർലമെൻറിലൂടെ നീക്കും വരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. മിനിമം താങ്ങുവിലയിൽ കർഷകർക്ക് ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള നിയമപരമായ അവകാശത്തിനായും അദ്ദേഹം പോരാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.