ചെന്നൈ: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. ചെന്നൈ കെ.കെ നഗറിലെ മീനാക്ഷി കോളജ് വിദ്യാർഥിനി മധുരവോയൽ ധനലക്ഷ്മി നഗർ സ്വദേശിനി അശ്വിനി മോഹനാണ് (20) കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവം. വിദ്യാർഥിനിയെ ആക്രമിച്ച അഴകേശനെ (25) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നാട്ടുകാരുടെ മർദനത്തിൽ ഗുരുതരപരിക്കേറ്റ ഇയാൾ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ധുക്കളറിയാതെ ഇരുവരും ഫെബ്രുവരി 16ന് വിവാഹം കഴിച്ചിരുന്നു. എന്നാൽ, അശ്വിനിയുടെ മാതാവ് ശങ്കരി പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് ബന്ധത്തിൽനിന്ന് അശ്വിനി പിന്മാറി. നിർബന്ധിച്ച് താലികെട്ടുകയായിരുെന്നന്ന് യുവതി പൊലീസിൽ മൊഴിനൽകി. തുടർന്ന് സ്വന്തം വീട്ടിൽനിന്ന് ജാഫർഖാൻ പേട്ടിലുള്ള ബന്ധുക്കളുടെ വീട്ടിൽ മാറിത്താമസിക്കുകയായിരുന്നു. അശ്വിനിയെ കാണാൻ വെള്ളിയാഴ്ച ഉച്ചക്ക് സുഹൃത്തിനൊപ്പമാണ് അഴകേശൻ എത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും നാട്ടുകാർ നോക്കിനിൽക്കെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചുവെച്ച കത്തിയെടുത്ത് അഴകേശൻ അശ്വിനിയുടെ കഴുത്തിലും വയറ്റിലും തുരുതുരാ കുത്തുകയുമായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായി. രക്ഷപ്പെടാൻ ശ്രമിച്ച അഴകേശനെ നാട്ടുകാർ പിടികൂടി മർദിച്ചു കെട്ടിയിട്ടു. തുടർന്ന് കെ.കെ നഗർ പൊലീസ് അറസ്ചെയ്ത് ആശുപത്രിയിലാക്കി. തിരുവണ്ണാമലൈ സ്വദേശിയായ ഇയാൾ കോളജിന് സമീപമുള്ള കുടിവെള്ള വിതരണ കമ്പനി ജീവനക്കാരനാണ്. അശ്വിനിയുടെ പിതാവ് േമാഹൻ വർഷങ്ങൾക്കുമുമ്പ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.