ചെന്നൈ: ജാതി അധിക്ഷേപം നടത്തി 11 വയസ്സുകാരനെ തീയിലേക്ക് തള്ളിയിട്ടതിന് സഹവിദ്യാർഥികളായ മൂന്ന് പേർക്കെതിരെ കേസെടുത്തു. തമിഴ്നാട് വിലുപുരം ജില്ലയിലെ തിണ്ടിവനത്താണ് സംഭവം. പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസെടുത്തത്.
കാട്ടുചിവിരി സർക്കാർ സ്കൂളിലെ ആറാം ക്ലാസുകാരനായ വിദ്യാർഥിയാണ് അതിക്രമത്തിന് ഇരയായത്. മുതുകിലും നെഞ്ചിലും പൊള്ളലേറ്റ നിലയിൽ വീട്ടിലെത്തിയ കുട്ടി, കുറ്റിക്കാട്ടിലെ തീയിലേക്ക് കാൽ വഴുതി വീണാണ് അപകടമുണ്ടായതെന്നാണ് രക്ഷിതാക്കളോട് ആദ്യം പറഞ്ഞത്. ചികിത്സക്കായി തിണ്ടിവനത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തിയത്.
ക്ലാസിലെ ഉയർന്ന ജാതിയിൽപെട്ട രണ്ട് വിദ്യാർഥികൾ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി കുട്ടി ആരോപിച്ചു. റോഡിലൂടെ തനിച്ച് നടന്ന് പോകുന്നതിനിടെ അവർ ജാതിയുടെ പേരിൽ അപമാനിച്ച ശേഷം കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിടുകയായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി.
ഷർട്ടിൽ തീപിടിച്ചത് കാരണം ശരീരത്തിൽ പൊള്ളലേറ്റെങ്കിലും സമീപത്തുണ്ടായിരുന്ന വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി കുട്ടി സ്വയം ജീവൻ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.