വെല്ലൂർ കോർപ്പറേഷൻ പ്രൈമറി സ്കൂൾ കുട്ടികൾ ചൊവ്വാഴ്ച വെല്ലൂരിലെ ചിന്ന അല്ലാപുരത്ത് പ്രതിഷേധ പ്രകടനം നടത്തുന്നു

ഏറെ പ്രിയപ്പെട്ട അധ്യാപകന് സ്ഥലംമാറ്റം, സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം; കുട്ടികളെ അ‍യക്കില്ലെന്ന് രക്ഷിതാക്കളും

വെല്ലൂർ: തമിഴ്നാട് വെല്ലൂരിലെ ചിന്ന അല്ലാപുരത്തുള്ള സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾ മുഴുവനും കഴിഞ്ഞ ദിവസം സമരത്തിലായിരുന്നു. അവരുടെ ആവശ്യം അൽപം വിചിത്രമാണ്, പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ എസ്. സെന്തിൽ കുമാറിന്‍റെ സ്ഥലംമാറ്റം റദ്ദാക്കി സ്കൂളിൽ തന്നെ നിലനിർത്തണം. അതായിരുന്നു ആവശ്യം.

അധ്യാപകനെന്നതിനുപരി കുട്ടികളുടെ സുഹൃത്തും സഹായിയും വഴികാട്ടിയുമെല്ലായിരുന്നു സെന്തിൽകുമാർ. രക്ഷിതാക്കൾക്കും അദ്ദേഹം ഏറെ പ്രിയങ്കരൻ. കഴിഞ്ഞ 11 വർഷമായി ഇവിടെ പഠിപ്പിക്കുന്ന സെന്തിലിനെ തേടി സ്ഥലംമാറ്റ ഉത്തരവ് വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും വലഞ്ഞു. ചൊവ്വാഴ്ച സ്കൂളിലെ അഞ്ചാംക്ലാസ് വരെയുള്ള 300 ഓളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്കൂൾ വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇതോടെ, വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. സ്ഥലംമാറ്റം നിർബന്ധിതമല്ലെന്നും അധ്യാപകന്‍റെ താൽപര്യപ്രകാരമാണെന്നുമാണ് ഇവർ അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ തനിക്ക് ഇപ്പോൾ പല ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നും അതിനാൽ സദുപെരിയിലെ ഒരു ചെറിയ സ്കൂളിലേക്ക് മാറ്റണമെന്നും 51കാരനായ സെന്തിൽകുമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും രക്ഷിതാക്കൾ അടങ്ങിയില്ല. സെന്തിൽകുമാർ ഇല്ലാത്ത സ്‌കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് ഇവർ കടുത്ത നിലപാടെടുത്തു. ഇതോടെ, സെന്തിലിന് വീണ്ടും സ്കൂളിൽ തന്നെ താൽക്കാലികമായി തുടരാൻ അധികൃതർ നിർദേശം നൽകി.

2011ൽ ഈ സ്‌കൂളിൽ 131 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. സെന്തിൽ കുമാറിന്‍റെ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ എണ്ണം 350ലധികമാക്കി. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് ഈ സ്ഥാപനത്തിലേക്ക് മാറ്റി. സെന്തിലിൻ്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം ലഭിക്കുകയും സ്ഥാപനം 2022-ലെ മികച്ച സ്‌കൂൾ അവാർഡ് നേടുകയും ചെയ്തിരുന്നു.

340ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അനുപാതം അനുസരിച്ച് 11 അധ്യാപകർ വേണമെന്നിരിക്കെ നിലവിൽ എട്ടുപേരാണ് ഉള്ളത്. ഒരു ദശാബ്ദത്തിലേറെയായി സ്ഥാപനത്തിന് മുഴുവൻ സമയ ഹെഡ്മാസ്റ്റർ ഇല്ല. സ്‌കൂളിലേക്ക് കൂടുതൽ അധ്യാപകരെ ലഭിക്കുന്നതിനായി സെന്തിൽ അടുത്തിടെ അധികൃതരെ കണ്ടിരുന്നു.

ജില്ല വിദ്യാഭ്യാസ ഓഫിസർ ദയാലൻ, റവന്യൂ ഓഫിസർ മുരളീധരൻ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്‌കൂളിലെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് മണിക്കൂറിന് ശേഷം സെന്തിൽ വീണ്ടും സ്‌കൂളിലെത്തുമെന്ന് ഉറപ്പായതോടെയാണ് സമരം അവസാനിപ്പിച്ചത്.

Tags:    
News Summary - Students protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.