'സാറിന്, സ്‌നേഹത്തോടെ...'; ജന്മദിനത്തില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള ഹാനി ബാബുവിന് കത്തുകളയച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസറും മലയാളിയുമായ ഹാനി ബാബുവിന് ജന്മദിനത്തില്‍ ഐക്യദാര്‍ഢ്യവുമായി ഹൃദ്യമായ കത്തുകളയച്ച് വിദ്യാര്‍ഥികള്‍. ആഗസ്റ്റ് 16ന് 54 വയസ് തികഞ്ഞ ഹാനി ബാബുവിന് 'ടു സാര്‍, വിത്ത് ലൗ' എന്ന പേരിലായിരുന്നു കത്തുകള്‍.

സിദ്ദി എന്ന വിദ്യാര്‍ഥി എഴുതി:

വിനീതമായ ശബ്ദത്തില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന ശൈലിയും കാര്യങ്ങള്‍ വിവരിക്കുന്ന രീതിയും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. ഞാന്‍ പതിവായി എത്തിയിരുന്ന ക്ലാസുകളിലൊന്ന് നിങ്ങളുടേതാണ്. സാര്‍, നിങ്ങളെ പോലെ ഒരു അധ്യാപകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങളെ പോലെ കരുത്തനാകാനും.

ആസിഫ് എന്ന വിദ്യാര്‍ഥി എഴുതുന്നു:

സര്‍വകലാശാലയുമായോ, ബന്ധപ്പെട്ട ഡിപാര്‍ട്‌മെന്റുമായോ എന്ത് പ്രശ്‌നമുണ്ടെങ്കിലും ഞങ്ങള്‍ വരാറുള്ളത് നിങ്ങളുടെ അടുത്തേക്കായിരുന്നു. ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം നിങ്ങള്‍ പ്രചോദനമാണ്. പല വിദ്യാര്‍ഥികളും താങ്കളുടെ അറസ്റ്റില്‍ ഞെട്ടലും രോഷവും പ്രകടിപ്പിച്ചിരിക്കുന്നു. അവരെല്ലാം നിങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നു...

ജ്യോതിര്‍മയി എന്ന വിദ്യാര്‍ഥി എഴുതി:

ഞാന്‍ എപ്പോഴും പറയുന്നത് പോലെ, നിങ്ങളില്ലായിരുന്നെങ്കില്‍ എന്റെ മാതൃഭാഷയായ കമ്രുപിയെക്കുറിച്ച് അഭിമാനിക്കാനോ, അത് പൊതുസ്ഥലത്ത് ഉപയോഗിക്കാനോ ഭാഷയിലോ സംസ്‌കാരത്തിലോ താല്‍പര്യം വളര്‍ത്താനോ ഞാന്‍ പഠിക്കുമായിരുന്നില്ല.

മറ്റൊരു വിദ്യാര്‍ഥിയായ സമീക്ഷ:

ജന്മദിനാശംസകള്‍, സര്‍. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച പ്രൊഫസര്‍മാരില്‍ ഒരാളാണ് നിങ്ങള്‍. പുസ്തകങ്ങളില്‍ ഉള്ളത് മാത്രമല്ല, ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും അര്‍ത്ഥശാസ്ത്രത്തെക്കുറിച്ചും നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു. തെറ്റുകള്‍ക്കും അനീതികള്‍ക്കുമെതിരെ സംസാരിക്കുന്ന ഒരു പ്രൊഫസറുടെ വിദ്യാര്‍ത്ഥികളായിരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്....

ഇത്തരത്തില്‍ 250 ഓളം കത്തുകളാണ് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയങ്കരനായ പ്രഫസര്‍ക്ക് ജന്‍മദിനത്തില്‍ അയച്ചത്. മുന്‍കാല വിദ്യാര്‍ഥികളും കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇതോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, പ്രഫസറെ ഉടന്‍ മോചിപ്പിക്കണമെന്ന് വിദ്യാര്‍ഥി കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രൊഫസര്‍ ഹാനി ബാബുവിന്റെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് രോഷമുണ്ട്. ഇത് രാജ്യത്തിന് ദുഃഖകരമായ ദിവസമാണ്. വിദ്യാര്‍ഥിയായിരുന്ന ഓരോരുത്തരും ആശങ്കപ്പെടേണ്ടതുണ്ട്. കാരണം, പ്രഗത്ഭനായ അക്കാദമീഷ്യനും അതിനേക്കാള്‍, ധാര്‍മികമായി നേരുള്ളയാളും നിരപരാധിയുമായ മനുഷ്യന്‍ ഈ ദിവസം കസ്റ്റഡിയില്‍ കഴിയുകയാണ് -വിദ്യാര്‍ഥി കൂട്ടായ്മ പത്രക്കുറിപ്പില്‍ പറഞ്ഞു.

അക്കാദമിക് ഇടങ്ങളിലെ വിയോജിപ്പുള്ള ശബ്ദങ്ങള്‍ ഭരണകൂടം അടിച്ചമര്‍ത്തുന്ന ഇത്തരം നടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ജൂലൈ 28നാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍നിന്നും മാവോവാദി ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചെന്നാണ് പൊലീസ് ഭാഷ്യം. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഭീമ-കൊറേഗാവ് സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും മാവോവാദി ആശയ പ്രചാരകനാണെന്നും എന്‍.ഐ.എ ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.