ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമരത്തിൽ സുഭാഷ് ചന്ദ്രബോസ് നൽകിയ സംഭാവനകളെ ആദരിക്കാനാണ് പ്രതിമ സ്ഥാപിക്കുന്നതെന്നും പണി പൂർത്തിയാകുന്നതുവരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ പ്രദർശിപ്പിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് പ്രധാനമന്ത്രി ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.
'പരാക്രം ദിവസ്' എന്ന പേരിൽ നേതാജിയുടെ ജന്മദിനമാഘോഷിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച ഇതിഹാസ നേതാജിക്കുള്ള ആദരാഞ്ജലിയാണ് പ്രതിമ സ്ഥാപിക്കലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. 28 അടി നീളവും ആറടി വീതിയുമുള്ള നേതാജി പ്രതിമ, മുമ്പ് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് അഞ്ചാമന്റെ പ്രതിമ നിലനിന്നിരുന്ന സ്ഥലത്താണ് സ്ഥാപിക്കുക.
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഇന്ത്യാ ഗേറ്റ് മേഖലയിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ ഇതിനകം തന്നെ നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് നേതാജി പ്രതിമയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുന്നത്.
ഇന്ത്യയുടെ രക്തസാക്ഷികളുടെ സ്മരണയ്ക്കായി തെളിയിക്കുന്ന അമർ ജവാൻ ജ്യോതി ദീപത്തിന്‍റെ വലിയ മേലാപ്പിന് കീഴിലാണ് പ്രതിമ സ്ഥാപിക്കുന്നത്. 2019ൽ ഉദ്ഘാടനം ചെയ്ത പുതിയ ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുന്നതിനാൽ 50 വർഷമായി അണയാത്ത അമർ ജവാൻ ജ്യോതി ദീപം വെള്ളിയാഴ്ച അണയ്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.