ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി മൂന്ന് മാസത്തെ സമയം അനുവദിച്ചു. ആഗസ്റ്റ് 14നുള്ളിൽ സെബി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകും. അന്വേഷണത്തിന് ആറ് മാസം കൂടി സമയം വേണമെന്നായിരുന്നു സെബി നിലപാട്. എന്നാൽ, സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല.
അന്വേഷണം അനന്തമായി നീണ്ടികൊണ്ടു പോകാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഇതിനൊപ്പം അന്വേഷണം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിർദേശിച്ചിരുന്നു. ജസ്റ്റിസ് പി.എസ് നരസിംഹ, ജെ.ബി പാർഡിവാല എന്നിവരും കേസ് പരിഗണിച്ച ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു.
അദാനി ഓഹരികളുടെ വില വൻതോതിൽ ഉയർന്നപ്പോഴും അതിനെ കുറിച്ച് സെബി കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പ്രശാന്ത് ഭൂഷൺ കേസ് പരിഗണിക്കുന്നവേളയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ തങ്ങൾ 2016 മുതൽ അന്വേഷണം നടത്തുന്നുവെന്ന വാദം തെറ്റാണെന്ന് സെബി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ സെബി 2021ൽ അന്വേഷണം നടത്തിയതിന് പാർലമെന്റ് രേഖകൾ തെളിവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേഷ്. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിനു മുൻപ് തന്നെ സെബി അദാനി ഗ്രൂപ്പ് കമ്പനികൾക്കുമേൽ അന്വേഷണം നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് 2021 ജൂലൈ 19ൽ ലോക്സഭയിൽ കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. 2021ൽ ലോക്സഭയിൽ നൽകിയ മറുപടിയിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.