ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ധനമന്ത്രാലയത്തിനുമെതിരെ വിമര്‍ശനവുമായി വീണ്ടും ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. കറന്‍സി മാറ്റത്തിനു വേണ്ട മുന്നൊരുക്കം ധനമന്ത്രി നടത്തിയില്ളെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസും പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും സ്വാമി ആരോപിച്ചു.
ധനമന്ത്രിക്ക് ഒരു തയാറെടുപ്പുമില്ല. അധികാരത്തില്‍ വന്നശേഷമുള്ള ഇഴച്ചില്‍ കണ്ടപ്പോള്‍ തയാറെടുപ്പ് നടത്തുന്നതു കൊണ്ടാണെന്നു ധരിച്ചു. ധനമന്ത്രാലയത്തില്‍ എല്ലാം താല്‍ക്കാലിക അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. അരവിന്ദ് സുബ്രഹ്മണ്യത്തെയും ശക്തികാന്ത ദാസിനെയും അവിടെനിന്നു പറഞ്ഞുവിടാന്‍ താന്‍ നേരത്തേ പറഞ്ഞതാണ്. പക്ഷേ, അവരെ സംരക്ഷിക്കുകയാണ് ജെയ്റ്റ്ലി ചെയ്തത്. അവര്‍ ഒന്നും ചെയ്യുന്നില്ളെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്‍പര്യമെടുത്തു നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ വിമര്‍ശിക്കാന്‍ സ്വാമി തയാറായില്ല. നോട്ട് അസാധുവാക്കിയത് ഭീകരതക്കുള്ള ധനസഹായത്തിനു കടിഞ്ഞാണിടും. പക്ഷേ, ജനങ്ങളുടെ കഷ്ടപ്പാട് വേദനിപ്പിക്കുന്നു. ആദായ നികുതി എന്ന ഏര്‍പ്പാടുതന്നെ എടുത്തുകളഞ്ഞ് ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രിസ്ഥാനത്തേക്ക് സുബ്രമണ്യന്‍ സ്വാമി നേരത്തേ കണ്ണുവെച്ചിരുന്നു. ജെയ്റ്റ്ലി അതു കൈക്കലാക്കിയതിന്‍െറ രോഷം കടിച്ചമര്‍ത്തുകയും ചെയ്യുന്നു. മാസങ്ങള്‍ക്കുമുമ്പ് ജെയ്റ്റ്ലിക്കെതിരെ സ്വാമി തിരിഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാവടപ്പിച്ചത്. എന്നാല്‍, നോട്ട് അസാധുവാക്കല്‍ പ്രശ്നത്തിനുശേഷം സ്വാമി ജെയ്റ്റ്ലിയെ പരസ്യമായി വിമര്‍ശിക്കുന്നത് രണ്ടാം തവണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.