ന്യൂഡൽഹി: സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് ഇന്ത്യൻ എംബസിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയെ അറിയിച്ചു.
മാർച്ച് 29ന് നിലവിൽ വന്ന 90 ദിവസത്തെ പൊതുമാപ്പിൽ ഇഖാമ ഇല്ലാതെ സൗദിയിൽ തങ്ങുന്നവർക്കും, ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടവർക്കും പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാം. ഇത്തരത്തിൽ തിരിച്ചു വരുന്നവർക്ക് ഭാവിയിൽ മതിയായ രേഖകളോടെ സൗദിയിൽ മടങ്ങിയെത്തുന്നതിനും വിലക്കുണ്ടാവില്ല. താമസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന ഹജ്ജ,് ഉംറ തീർഥാടകർക്ക് എക്സിറ്റ് വിസ ഇല്ലാതെ തന്നെ നാട്ടിലേക്ക് മടങ്ങാം.
നാട്ടിലേക്ക് മടങ്ങുന്നതിന് ഏപ്രിൽ 25 വരെ 18120 അപേക്ഷ ലഭിച്ചതിൽ 17622 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനുള്ളിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജിദ്ദയും റിയാദും കൂടാതെ 21 കേന്ദ്രങ്ങളിൽകൂടി ഇതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പിൽ മടങ്ങുന്നവർക്ക് എയർ ഇന്ത്യ നിരക്കിളവു പ്രഖ്യാപിച്ചിട്ടുണ്ട്.മടങ്ങിവരുന്നവർക്ക് പുനരധിവാസ നടപടികൾ ഏർപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാറുകളാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം സഹായം നൽകുന്നതിനു തയാറാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.