സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്; വധശ്രമം അരങ്ങേറിയത് സുവർണ്ണ ക്ഷേത്രത്തിൽ -VIDEO

ചണ്ഡീഗഢ്: അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ ​വെടിവെപ്പ്. അമൃത്സറിലെ സുവർണ്ണ ക്ഷേത്ര കവാടത്തിലാണ് ബാദലിന് നേരെ അക്രമി വെടിയുതിർത്തത്. സ്ഥലത്തുണ്ടായിരുന്നവർ പ്രതിയെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. നാരായൺ സിങ് എന്നയാളാണ് വെടിവെച്ചത്.

സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണമെന്ന സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു സുഖ്ബീര്‍ സിങ് ബാദൽ. 2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിന് അകാല്‍ തഖ്ത് ഈ ശിക്ഷ വിധിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

ശിക്ഷയുടെ ഭാഗമായി അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനുമുന്നില്‍ വീല്‍ചെയറില്‍ കുന്തവും പിടിച്ച് കാവലിരിക്കുന്ന ബാദലിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കുക, കൈയില്‍ കുന്തവുമായി രണ്ടുദിവസം കാവല്‍ നില്‍ക്കുക, കഴുത്തില്‍ പ്ലക്കാഡ് ധരിക്കുക, ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങൾ ആലപിക്കുക തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിന് നൽകിയത്. കൂടാതെ ബാദലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിങ് ബാദലിന് സിഖ് സമൂഹത്തിന്റെ അഭിമാനം എന്ന നിലയില്‍ നല്‍കിയ ഫഖ് ര്‍ ഇ ക്വാം ബഹുമതി എടുത്തുകളഞ്ഞു.

ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 12 മണിമുതല്‍ 1 മണിവരെ ശുചിമുറികള്‍ വൃത്തിയാക്കാനായിരുന്നു ഇവര്‍ക്കുള്ള ശിക്ഷാനടപടി. ബാദലിന്റെ ഭാര്യാസഹോദരനും അകാലിദള്‍ നേതാവുമായിരുന്ന ബിക്രം സിങ് മജിത്യക്ക് സുവര്‍ണക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കഴുകി വൃത്തിയാക്കാണമെന്ന ശിക്ഷയും അകാല്‍ തഖ്ത് വിധിച്ചിരുന്നു.

Tags:    
News Summary - Sukhbir Singh Badal attacked: Man opens fire at Akali Dal leader at entrance of Golden Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.