ബംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എം.പിയും നടിയുമായ സുമലത (59) ബി.ജെ.പിയിൽ ചേരില്ല. എന്നാൽ ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും അവർ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു.ഏതെങ്കിലും പാർട്ടിയിൽ ചേരണമെങ്കിൽ എം.പിയായി മാസങ്ങൾക്കകം ആകാമായിരുന്നു. സ്വതന്ത്ര എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് നാലു വർഷമായി. ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതിൽ ചില നിയമതടസ്സങ്ങൾ ഉണ്ടെന്നും അവർ മാണ്ഡ്യയിലെ വസതിയിൽ വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.ഇന്നുമുതൽ ബി.ജെ.പിയെ പിന്തുണക്കുന്നു. മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു. മാണ്ഡ്യ മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യം. മറ്റൊരു ആവശ്യവും ബി.ജെ.പിയോട് ഉന്നയിച്ചിട്ടില്ല.
ഭർത്താവ് അംബരീഷിെന്റ അനുയായികളോടും മാണ്ഡ്യയിലെ ജനങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചശേഷമാണ് തീരുമാനമെടുത്തത്. ചിലർക്ക് ഇതിൽ എതിർപ്പുണ്ടാകാം. എന്നാൽ മണ്ഡലത്തിന്റെ പുരോഗതിക്കായുള്ള തീരുമാനത്തിൽ സംതൃപ്തയാണ്.താൻ രാഷ്ട്രീയത്തിലുള്ളിടത്തോളം കാലം മകനും നടനുമായ അഭിഷേക് അംബരീഷ് രാഷ്ട്രീയത്തിൽ ഇറങ്ങില്ല. കുടുംബവാഴ്ച രാഷ്ട്രീയത്തിൽ താൽപര്യമില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ മദ്ദൂറിൽ നിന്നോ ശ്രീരംഗപട്ടണയിൽ നിന്നോ മത്സരിക്കാൻ രണ്ട് പ്രധാന പാർട്ടികൾ സീറ്റ് വാഗ്ദാനം നൽകിയെങ്കിലും മകൻ വിനയപൂർവം അത് നിരസിച്ചു.
സിനിമയിൽ കരിയർ കെട്ടിപ്പടുക്കുകയാണ് അവന്റെ ലക്ഷ്യമെന്നും സുമലത പറഞ്ഞു.പത്തു വരിയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാതയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി മാർച്ച് 12ന് മാണ്ഡ്യയിൽ എത്തുന്നത് അംഗീകാരമാണ്. ബംഗളൂരുവിലോ മൈസൂരുവിലോ ഉദ്ഘാടന ചടങ്ങ് നടത്താമായിരുന്നിട്ടും മാണ്ഡ്യയിൽ അദ്ദേഹം എത്തുന്നത് മണ്ഡലത്തിലെ ജനങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടാണെന്നും സുമലത പറഞ്ഞു.മാണ്ഡ്യയിൽ നിന്നുള്ള മുൻ എം.എൽ.എയും സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാറിലെ മന്ത്രിയുമായിരുന്ന പരേതനായ നടൻ അംബരീഷിന്റെ ഭാര്യയാണ് സുമലത.
ദൾ നിയമസഭ കക്ഷിനേതാവായ കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി പിന്തുണയോടെ സുമലത 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽനിന്ന് എം.പിയായത്. അന്ന് കോൺഗ്രസ് സീറ്റ് നൽകുമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നില്ല. മേയിൽ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ഇത്തവണ മത്സരിക്കാനാണ് സുമലതയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.