മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിനെത്തിയവർക്ക് സൂര്യാഘാതമേറ്റ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവത്ത് എം.പി. 14 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും 50 മുതൽ 75 വരെ ആളുകൾ മരിച്ചതായും മഹാരാഷ്ട്ര സർക്കാർ യഥാർഥ കണക്ക് മറച്ചുവെക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ നിന്നാണ് യഥാർഥ മരണസംഖ്യ മനസ്സിലാക്കിയതെന്നും ശിവസേന നേതാവ് പറഞ്ഞു. മരിച്ചവരുടെ വീടുകളിൽ സർക്കാർ പ്രതിനിധികളും മറ്റുമെത്തി കുടുംബാംഗങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. ക്രൂരമായ സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. സർക്കാർ രാജിവെക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
ദുരന്തം ചർച്ച ചെയ്യാൻ രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ യോഗം ചേരണമെന്ന മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാന പട്ടോലയുടെ ആവശ്യത്തെ സഞ്ജയ് പിന്തുണച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് റാവത്ത് നേരത്തേ ആവശ്യപ്പെട്ടിരുന്നു. മുംബൈക്ക് സമീപം റായ്ഗഢ് ജില്ലയിലെ ഖാർഖറിലാണ് അമിത് ഷാ പങ്കെടുത്ത മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരദാന ചടങ്ങ് ഞായറാഴ്ച നടന്നത്. ലക്ഷത്തോളം പേർ പങ്കെടുത്ത ചടങ്ങ് നട്ടുച്ചക്കായിരുന്നു. ഭൂഷൺ അവാർഡ് നേടിയ അപ്പാസാഹബ് ധർമാധികാരിയുടെ അനുയായികളായിരുന്നു ചടങ്ങിനെത്തിയവരിൽ ഭൂരിപക്ഷവും. 1.30നാണ് ചടങ്ങ് അവസാനിച്ചത്. നട്ടുച്ചക്ക് ചടങ്ങ് സംഘടിപ്പിച്ചത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.