ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ പിന്തുണക്കുന്നത് കാണുേമ്പാൾ വേദനിക്കുന്നുവെന്ന് മുൻ സി.ബി.ഐ ഉദ്യോഗസ്ഥരും ജഡ്ജിമാരും. നിരപരാധിത്വം തെളിയിക്കാൻ കുറ്റവാളിയുടെ പ്രായം ഉയർത്തികാട്ടുന്നതിൽ ആശ്ചര്യം തോന്നുന്നുവെന്നും ഇവർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിൽ പറയുന്നു.
വിരമിച്ച ഐ.പി.എസ് ഓഫിസർ എം. നാഗേശ്വര റാവു, മുൻ സിക്കിം ചീഫ് ജസ്റ്റിസ് പെർമോദ് കോഹ്ലി തുടങ്ങിയവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. 2019ൽ സി.ബി.െഎ ഡയറക്ടറായിരുന്ന വ്യക്തിയാണ് നാഗേശ്വര റാവു.
കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ട് 21കാരിയായ ദിശയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിശയെ പിന്തുണക്കുന്നവരെ വിമർശിച്ചാണ് കത്തിന്‍റെ ഉള്ളടക്കം.
'നിരപരാധിത്വം തെളിയിക്കാൻ കുറ്റവാളിയുടെ പ്രായം ഉയർത്തികാണിക്കുന്നതിൽ ആശ്ചര്യം തോന്നുന്നു. നിയമപരമായി പറഞ്ഞാൽ, വിദേശ ഘടകങ്ങളുമായി ചേർന്ന് ഗൂഡാലോചന നടത്തി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു കൗമാരക്കാരും നിരപരാധിയാകുന്നില്ല. ഇൗ കേസിൽ, പ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പ്രധാന്യം നൽകുക' -കത്തിൽ മുൻ ഉദ്യോഗസ്ഥർ പറയുന്നു.
ദിശ രവിക്ക് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയിൽ പങ്കുണ്ടെന്നും ഇതിന് ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും എൻ.ജി.ഒകളുടെയും സഹായമുണ്ടെന്നും അവർ ആരോപിക്കുന്നു.
ബുദ്ധിജീവികളെന്ന് നടിക്കുന്ന ചിലർ ദിശ രവിയുടെ അറസ്റ്റിനെ മൗലിക അവകാശങ്ങളുടെ ലംഘനമായാണ് ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. പ്രഥമദൃഷ്ട്യ കുറ്റം ചെയ്തുവെന്ന് വെളിപ്പെട്ടിട്ടും സംരക്ഷിക്കാനാണ് ഇത്തരക്കാരുടെ ശ്രമം. അന്വേഷണ സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാനും അവർ ശ്രമിക്കുന്നു. ഡൽഹി പൊലീസ് അവരുടെ നിയമപരമായ േജാലി മാത്രമാണ് ചെയ്തതെന്നും കത്തിൽ പറയുന്നു. ഡൽഹി പൊലീസിനെ സ്വതന്ത്രമായി ടൂൾ കിറ്റ് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടണമെന്നും കത്തിൽ രാഷ്ട്രപതിയോട് അഭ്യർഥിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിശ രവിയുടേത്. മൂന്നുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോൾ 21കാരി. ദിശയുടെ ജാമ്യാപേക്ഷയിൻമേലുള്ള ഹരജി 23ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.