ന്യൂഡൽഹി: വിദ്വേഷ പ്രസംഗം പൂർണമായും ഒഴിവാക്കേണ്ടത് രാജ്യത്ത് മതസൗഹാർദം നിലനിർത്താൻ വേണ്ട അടിസ്ഥാന സംഗതിയാണെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗത്തിനെതിരായ ഹരജിയിൽ വാദം കേൾക്കവെ, ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
വെറുതെ കേസെടുക്കുന്നതുകൊണ്ട് വിദ്വേഷ പ്രസംഗമുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാകില്ലെന്നും ഇക്കാര്യത്തിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. ഈ വിഷയത്തിൽ ഇതുവരെ 18 കേസുകൾ എടുത്തിട്ടുണ്ടെന്ന് മേത്ത പറഞ്ഞു. കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
വിദ്വേഷ പ്രസംഗത്തിൽ കർശന നടപടിയുണ്ടാകണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീംകോടതി ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം ഓർമിപ്പിച്ചായിരുന്നു കോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.