വിശ്വാസയോഗ്യമല്ലാത്ത വിഡിയോയുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല -കോടതി

ന്യൂഡൽഹി: വിശ്വാസയോഗ്യമല്ലാത്ത വിഡിയോയുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി കോടതി അറിയിച്ചു. ഡൽഹി യൂനിവേഴ്സിറ്റി രാംജസ് കോളജിലെ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഭിലാഷ് മൽഹോത്രയാണ് പരാമർശം നടത്തിയത്. ഫെബ്രുവരി 21ന് കോളജിൽ ദേശവിരുദ്ധ മുദ്രാവാക്യം ഉയർത്തിയെന്നാരോപിച്ച് വിവേക് ഗാർഗാണ് കോടതിയെ സമീപിച്ചത്.

നിരവധി വ്യാജ വിഡിയോകൾ വാട്സ്​ആപിൽ പ്രചരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. നാളെ എ.ഐ.എസ്.എയും എ.ബി.വി.പിയും തമ്മിൽ പ്രശ്നമുണ്ടായാൽ രാജ്യദ്രോഹമായി കണക്കാക്കാനാകുമോ എന്ന് കോടതി ചോദിച്ചു. എ.ഐ.എസ്.എ, എസ്.എഫ്.ഐ പ്രവർത്തകരുടെ മേൽ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, യുദ്ധത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തണമെന്നാണ് ആവശ്യപ്പെട്ടത്. പൊലീസ് കേസിൽനിന്ന്​ ഒഴിഞ്ഞുമാറുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു.

സെപ്റ്റംബർ അഞ്ചിന് നടത്തുന്ന വിചാരണയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവ് സമർപ്പിക്കാൻ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്തുന്നതിനാവശ്യമായ പരിശോധനകൾ നടത്തിവരുകയാണെന്ന്​ അറിയിച്ച് ആഗസ്​റ്റ്​ മൂന്നിന് പൊലീസ് റിപ്പോർട്ട് നൽകി. വിഡിയോ വ്യാജമാണെന്ന് സംശയിക്കുന്നതിനാൽ ഫോറൻസിക് പരിശോധനക്കായി നൽകുമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 21ന് എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകർ കോളജിന് സമീപത്ത് ഒത്തുചേരുകയും ജെ.എൻ.യു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷഹല റാഷിദ് എന്നിവർ പങ്കെടുക്കുന്ന സെമിനാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും സെമിനാർ അലങ്കോലപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് എ.ബി.വി.പിയും ഇടത് വിദ്യാർഥി സംഘടനകളും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു. ഇതേതുടർന്നാണ് ഇടത് വിദ്യാർഥി സംഘടന പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് വിവേക് ഗാർഗ് കോടതിയ സമീപിച്ചത്. 

Tags:    
News Summary - Suprem court on Sedition Charges-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.