കര്‍ഷക ആത്മഹത്യ: കേന്ദ്ര സര്‍ക്കാര്‍ ശരിയായ ദിശയിലല്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമ്പത്തിക ബാധ്യതയും വിളനാശവുംകൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും അതിഗുരുതരമായ വിഷയമാണിതെന്നും സുപ്രീംകോടതി. സന്നദ്ധ സംഘടനയായ ‘സിറ്റിസണ്‍സ് റിസോഴ്സ്’ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത്. അതിപ്രാധാന്യം നല്‍കേണ്ട വിഷയമാണിതെന്നും കര്‍ഷക കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ബാങ്കില്‍ നിന്നെടുക്കുന്ന വായ്പ തിരിച്ചടക്കാന്‍ കഴിയാതെവരുമ്പോഴാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. മരിച്ചുകഴിഞ്ഞ് കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനു പകരം ആത്മഹത്യ തടയാനുള്ള നടപടികളാണുണ്ടാവേണ്ടത്. പതിറ്റാണ്ടുകളായി ഇത് തുടരുകയാണ്. എന്നിട്ടും നടപടികളില്ലാത്തത് അദ്ഭുതകരമാണ്. യഥാര്‍ഥ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാറിന്‍െറ പോക്ക് തെറ്റായ ദിശയിലാണ്. ശരിയായ നടപടികള്‍ സ്വീകരിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ കേന്ദ്രത്തിനുവേണ്ടി കോടതിയില്‍ ഹാജരായി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.സംഘടനക്കുവേണ്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ് ഹാജരായി. താഴത്തെട്ടില്‍ പദ്ധതികള്‍ എത്താത്തതാണ് പ്രശ്നമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 27ന് ഹരജി വീണ്ടും പരിഗണിക്കും.

Tags:    
News Summary - suprem court statement on farmer suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.