ന്യൂഡല്‍ഹി: പശു സംരക്ഷണത്തിെൻറ പേരിൽ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ താക്കീത്. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം ബോധിപ്പിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. 29 സംസ്ഥാനങ്ങൾ, ഏഴ് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ 11 എണ്ണം മാത്രമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് നേതാവായ തെഹ്സീന്‍ പൂനവാല നല്കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിെൻറ നടപടി. ജൂലൈ 20ന് രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ റഖ്ബർ ഖാന് ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ആൾക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് നിയമ നിര്‍മാണത്തിെൻറ സാധ്യതകള്‍ പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നതിൽ പരമോന്നത കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ദൗത്യസേന രൂപവത്കരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനായിരിക്കണം ഇതിന് മേല്‍നോട്ടം വഹിക്കേണ്ടത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം.
വിദ്വേഷ പ്രസംഗങ്ങള്‍, പ്രകോപനപരമായ പ്രസ്താവനകള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷവും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി കർശന നിലപാട് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.