ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കൽ നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറാക്കിയ മോദി സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. അരുൺ ഗോയലിനെ കമീഷണറാക്കിയ നിയമന ഫയൽ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. കേന്ദ്ര സർക്കാറിന്‍റെ എതിർപ്പ് തള്ളിയാണ് 24 മണിക്കൂറിനകം ഫയൽ ഹാജരാക്കാനുള്ള നിർദേശം.
60 വയസ്സ് പൂർത്തിയായി ഡിസംബർ 31ന് വിരമിക്കേണ്ട സിവിൽ സർവിസ് ഉദ്യോഗസ്ഥനെയാണ് കാലാവധി തീരാൻ കാത്തിരിക്കാതെ സ്വയം വിരമിക്കൽ നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വരെ കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായിരുന്നു അരുൺ ഗോയൽ.
സർക്കാറിന്‍റെ അസാധാരണ തിടുക്കം പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ''സർക്കാർ സർവിസിൽനിന്ന് വിരമിച്ചവരെ മാത്രം തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് പതിവ്. കേന്ദ്ര സർക്കാറിൽ സെക്രട്ടറിയായിരുന്നു അരുൺ ഗോയൽ. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അക്കാര്യം സർക്കാർ അവഗണിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് വി.ആർ.എസ് നൽകി.
തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷണറായി നിയമന ഉത്തരവ് നൽകി. തിങ്കളാഴ്ചതന്നെ അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനിൽ പ്രവർത്തനവും തുടങ്ങി.'' തെരഞ്ഞെടുപ്പ് കമീഷണറുടെ തസ്തിക മേയ് മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു. നിയമനത്തിനെതിരെ കോടതിയിൽ താൻ ഇടക്കാല ഉത്തരവിന് അപേക്ഷിച്ചതാണ്. ഇതിനെല്ലാമിടയിൽ വി.ആർ.എസ് നൽകി ഒരാളെ നിയമിക്കേണ്ട കാര്യമെന്ത്? ഇതെന്തു നടപടിക്രമമാണ്? -പ്രശാന്ത് ഭൂഷൺ ചോദിച്ചു.
വി.ആർ.എസിന് ഒരാൾ മൂന്നുമാസം മുമ്പെങ്കിലും അപേക്ഷിക്കേണ്ടതുള്ളതിനാൽ സർക്കാർ ധിറുതി കാട്ടിയെന്ന് ആരോപിക്കാൻ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. അത്തരമൊരു നോട്ടീസ് തന്നെ നൽകിയോ എന്ന് തനിക്ക് സംശയമുണ്ടെന്നായി പ്രശാന്ത് ഭൂഷൺ. അതുകൊണ്ട് നിയമന രേഖകൾ കോടതി പരിശോധിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. അതിനോട് യോജിച്ചുകൊണ്ടാണ് നിയമന ഫയൽ ഹാജരാക്കാൻ അറ്റോണി ജനറൽ ആർ. വെങ്കട്ട രമണിയോട് കോടതി ആവശ്യപ്പെട്ടത്.
നിയമന നടപടികളെ സംശയിക്കാനില്ലെന്ന വിശദീകരണവുമായി എ.ജി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ പാലിച്ചിട്ടുണ്ടെങ്കിൽ സർക്കാർ ഭയപ്പെടേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷണർ നിയമന രീതിക്കെതിരായ ഹരജി കോടതി പരിഗണിച്ചുവരുന്നതിനിടയിലാണ് നിയമനം. അതിന് എന്ത് നടപടിക്രമമാണ് പാലിച്ചതെന്ന് കോടതിക്ക് അറിയേണ്ടതുണ്ട്.
നിയമനം കോടതി തടഞ്ഞിട്ടില്ലെന്ന് അറ്റോണി ജനറൽ വാദിച്ചു. അതു ശരിയാണെങ്കിലും കോടതി കേസ് പരിഗണിക്കുന്ന കാര്യം ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. നിയമനം വിലക്കുകയൊന്നുമല്ല. എന്നാൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇതൊരു കണ്ണുതുറപ്പിക്കലാകണം. വിവരങ്ങൾ സർക്കാർ തടഞ്ഞുവെക്കേണ്ട വിഷയമായി ഇതിനെ കാണുന്നില്ല- ജസ്റ്റിസ് ജോസഫ് കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നിയമനത്തിനെതിരെ കോടതിയിൽ താൻ ഇടക്കാല ഉത്തരവിന് അപേക്ഷിച്ചതാണ്. ഇതിനെല്ലാമിടയിൽ വി.ആർ.എസ് നൽകി ഒരാളെ നിയമിക്കേണ്ട കാര്യമെന്ത്?
-അഡ്വ. പ്രശാന്ത് ഭൂഷൺ
നിയമന നടപടികളെ സംശയിക്കാനില്ല. നിയമനം കോടതി തടഞ്ഞിട്ടില്ല
-അറ്റോണി ജനറൽ ആർ. വെങ്കട്ട രമണി
സർക്കാർ പറയുന്നതുപോലെ, നടന്നതെല്ലാം ക്രമപ്രകാരമാണെങ്കിൽ ഭയപ്പെടേണ്ട കാര്യമേയില്ല. അതറിയണമെങ്കിൽ നിയമന ഫയൽ കാണണം. തുറന്ന ജനാധിപത്യ ക്രമത്തിലാണ് നാം ജീവിക്കുന്നത്
-സുപ്രീം കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.